കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് ചർച്ചകൾ സജീവമാകുന്നതിനിടെ കൊല്ലം സീറ്റിനെ ചൊല്ലി കോൺഗ്രസില്‍ തർക്കം. മുൻ ഡിസിസി അധ്യക്ഷൻ ശൂരനാട് രാജശേഖരൻ, നിലവിലെ ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ, മുൻ എംഎല്‍എ പിസി വിഷ്‌ണുനാഥ് എന്നിവരാണ് കൊല്ലം സീറ്റിനായി മുന്നിലുള്ളത്. യുവനേതാവ് സൂരജ് രവിയും കൊല്ലത്തിന് വേണ്ടി ശക്തമായി രംഗത്തുണ്ട്.
തൃശൂർ ജില്ലയിലെ കുന്നംകുളം സീറ്റ് നല്‍കാമെന്ന് കോൺഗ്രസ് നേതൃത്വം ശൂരനാട് രാജശേഖരനെ അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. ഇതിനെ തുടർന്ന് സമവായ ശ്രമം എന്ന നിലയിലാണ് അടുത്തതായി ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ശൂരനാട് രാജശേഖരന് നല്‍കാൻ ധാരണയായത്. ബിന്ദുകൃഷ്ണയ്ക്ക് കൊല്ലമോ ചാത്തന്നൂരോ നൽകും. മുൻ ചെങ്ങന്നൂർ എംഎല്‍എ പി.സി. വിഷ്ണുനാഥും കൊല്ലം സീറ്റിനായി രംഗത്തുണ്ട്.
അതേ സമയം രാജ്യസഭ സീറ്റ് നൽകാനുള്ള വാഗ്ദാനം ശൂരനാട് രാജശേഖരൻ സ്വീകരിച്ചിട്ടില്ല. നിലവിലെ സാഹചര്യം മാറിയാൽ സീറ്റ് വാഗ്ദാനത്തിൽ നിന്ന് നേതൃത്വം പിറകോട്ട് പോകുമോ എന്ന ആശങ്കയും ശൂരനാടിനുണ്ട്. അതേ സമയം ഫോർവേഡ് ബ്ലോക്കും, ആർ.എസ്.പി.യും കൊല്ലം സീറ്റ് വേണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. ഇതും കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാണ്.
സീറ്റ് സംബന്ധിച്ച ചർച്ചകൾ എ ഗ്രൂപ്പിലും സജീവമായിട്ടുണ്ട്. ജില്ലയിലെത്തിയ ഉമ്മൻ ചാണ്ടിയുമായി എ ഗ്രൂപ്പ് നേതാക്കൾ ചർച്ച നടത്തി. എ ഗ്രൂപ്പ് മൽസരിക്കുന്ന സീറ്റുകളിൽ ശക്തരായ സ്ഥാനാർഥികളെ നിർത്തണമെന്നും നേതാക്കൾ ഉമ്മൻ ചാണ്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാധ്യതാ പട്ടികയിലുള്ള സ്ഥാനാർഥികളും ഉമ്മൻ ചാണ്ടിയെ കണ്ടു. ആർ.എസ്.പി.യിൽ നിന്നും ഇരവിപുരം സീറ്റ് തിരിച്ചെടുക്കണമെന്ന ആവശ്യവും ഉമ്മൻ ചാണ്ടിക്ക് മുന്നിലെത്തിയതായിട്ടാണ് സൂചന.