കൊല്ലം: ആലപ്പുഴയിൽ ജോലി കഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്ക് പോകുകയായിരുന്ന ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ആക്രമിക്കുകയും ചെയ്‌ത കേസിലെ പ്രതികൾ പിടിയിൽ. തിരുവനന്തപുരം കഠിനംകുളം സ്വദേശി നിശാന്ത് (29), കടയ്ക്കാവൂർ സ്വദേശി റോക്കി റോയ് (26) എന്നിവരെയാണ് കൊല്ലം ചവറ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇവർ മോഷണക്കേസിലെ സ്ഥിരം പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
കൊല്ലം, കോട്ടയം, തിരുവനന്തപുരം റൂറൽ സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ നിരവധി കേസുകളുണ്ട്. പ്രത്യേക പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ആരോഗ്യപ്രവർത്തകയെ ആക്രമിച്ച രീതിവച്ച് പ്രൊഫഷണൽ സംഘമാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് പൊലീസിന് നേരത്തേ മനസിലായിരുന്നു.
ഇതനുസരിച്ച് അന്വേഷണ സംഘം തയാറാക്കിയ സ്ഥിരം കുറ്റവാളികളുടെ പട്ടികയിൽ റോക്കിയും നിശാന്തും ഇടംപിടിച്ചു. ഇവർ തന്നെയാണോ ആരോഗ്യപ്രവർത്തകയെ ആക്രമിച്ചതെന്ന് ഉറപ്പില്ലായിരുന്നു. അവ്യക്തമായ സിസിടിവി ദൃശ്യം മാത്രമായിരുന്നു പ്രതികളുടേതായി പൊലീസിന് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചത്. കൂടുതൽ തെളിവുകൾ ലഭിച്ചതോടെ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.
റോക്കി കഴിഞ്ഞ ദിവസം രാത്രി കൊല്ലം വഴി ബസിൽ യാത്ര ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചു. ബസിനെ പിന്തുടർന്ന് വഴിക്ക് തടഞ്ഞുനിർത്തിയാണ് റോക്കിയെ പിടികൂടിയത്. നിശാന്തിനെ കഠിനംകുളത്തുള്ള സ്വന്തം വീട്ടിൽ നിന്നാണ് പിടികൂടിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.
Also read: ഓൺലൈൻ സെക്‌സിന്‍റെ മറവിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം മലപ്പുറത്ത് പിടിയിൽ