കൊല്ലം: ശക്തികുളങ്ങര വെൻകുളങ്ങര സ്‌കൂളിന് സമീപത്തെ കുളക്കുടി ഭദ്രാദേവി ക്ഷേത്രത്തിൽ നിന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന ആമ വിളക്ക് മോഷണം നടത്തിയ പ്രതികൾ പിടിയിൽ. ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വൈഷ്‌ണവ് (18), ശക്തികുളങ്ങര സ്വദേശി അജിത് (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണം നടന്ന് മണിക്കൂറുകൾക്കൾക്കുള്ളിലാണ് പ്രതികളെ പിടികൂടിയത്.
കേസിലെ രണ്ടാം പ്രതിയെ തിരച്ചറിഞ്ഞിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ആരംഭിച്ചു. മോഷണം നടന്ന ക്ഷേത്രത്തിന് സമീപം സിസിടിവി ക്യാമറകൾ ഇല്ലായിരുന്നു. ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ പരിശോധിച്ച് സംശയം തോന്നിയവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നുമാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്.
ഒന്നാം പ്രതി വൈഷ്‌ണവ് ചെറുപ്രായത്തിലെ മോഷണങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതാണെന്ന് ചോദ്യം ചെയ്തതിൽ നിന്നും പൊലീസ് മനസിലാക്കി. മൂന്നാം പ്രതി അജിത് ഓട്ടോ ഡ്രൈവറാണ്. ഇയാളുടെ ഓട്ടോയിലാണ് മോഷണ മുതൽ കടത്തികൊണ്ട് പോയത്. കൊല്ലം ആണ്ടാ മുക്കത്തെ ആക്രിക്കടയിൽ 12,000 രൂപക്കാണ് മോഷ്ടിച്ച ആമ വിളക്ക് പ്രതികൾ വിറ്റത്.
READ MORE: ക്ഷേത്രത്തിൽ മോഷണം, ഒരു ലക്ഷം രൂപയുടെ വിളക്ക് മോഷ്‌ടാക്കൾ കവർന്നു
ക്ഷേത്രത്തിലും മോഷണമുതൽ വിറ്റ ആക്രിക്കടയിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. സ്റ്റേഷൻ എസ്എച്ച്ഒ ബിനു വർഗീസ്, എസ്.ഐ ആശ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.