കൊല്ലം: സംസ്ഥാനത്ത് നാളെ മുതൽ 52 ദിവസം ട്രോളിങ് നിരോധനം. യന്ത്രവൽകൃത യാനങ്ങൾക്കാണ് മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനം നടത്തുന്നതിൽ തടസ്സമില്ല. ട്രോളിങ് നിരോധന സമയത്ത് രാജ്യസുരക്ഷയുടെ ഭാഗമായി കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് കാർഡുകൾ കൈയ്യിൽ കരുതണമെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചിട്ടുണ്ട്. ചെറു മത്സ്യങ്ങളെ പിടിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കും. നിരോധന കാലയളവിൽ രാസവസ്തുക്കൾ കലർന്ന മത്സ്യങ്ങളുടെ വിപണനം നടത്തുന്നത് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ട്രോളിങ് നിരോധനം മൂലം തൊഴിൽ നഷ്ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികൾ സൗജന്യറേഷനു വേണ്ടി അതാത് മത്സ്യഭവൻ ഓഫീസുകളിൽ ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം, രണ്ടുമാസത്തോളം തൊഴിൽ നഷ്ടപ്പെടുന്ന ആശങ്കയിലാണ് കൊല്ലം നീണ്ടകരയിലെ മത്സ്യത്തൊഴിലാളികൾ. സർക്കാർ പ്രഖ്യാപിക്കുന്ന ആശ്വാസ സഹായങ്ങൾ പലപ്പോഴും കിട്ടാറില്ലെന്നും കിട്ടുന്നത് വളരെ അപര്യാപ്തമാണെന്നും ഇവർ പറയുന്നു. മറ്റ് തൊഴിലിടങ്ങളിൽ നൽകി വരുന്ന സഹായങ്ങൾ മൽസ്യ ബന്ധന മേഖലയിലും ഏർപ്പെടുത്തേണ്ടതുണ്ട്. മക്കളുടെ വിദ്യാഭ്യാസം അടക്കുള്ള കാര്യങ്ങളിൽ സർക്കാർ ഇടപെടൽ വേണമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.