കൊല്ലം: ബൈപ്പാസിൽ ടോള്‍ പിരിവ് ആരംഭിക്കാനൊരുങ്ങി ദേശീയപാതാ അതോറിറ്റി. ദ്രുതഗതിയില്‍ പണികള്‍ പുരോഗമിക്കുമ്പോഴും പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് രാഷ്ട്രീയ സംഘടനകള്‍. കമ്പ്യൂട്ടര്‍ സ്ഥാപിക്കല്‍, കേബിള്‍ സ്ഥാപിക്കല്‍, സെന്‍സര്‍ ലൂപ് കട്ട്, സൈന്‍ ബോര്‍ഡ് സ്ഥാപിക്കല്‍ എന്നിവ പൂര്‍ത്തിയാകുന്നതോടെ ടോള്‍ പിരിവ് ആരംഭിക്കും. കലക്ടറുടെയും ദേശീയ പാതാ അതോറിറ്റിയുടെയും അനുമതി ലഭിച്ചാല്‍ ടോള്‍ പ്ലാസയില്‍ ട്രയല്‍ റണ്‍ നടത്തും. 11.52 കോടി രൂപയാണ് ടോളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഇതില്‍ നിന്ന് ഒരു വിഹിതം കമ്പനിക്കും ബാക്കിയുള്ളവ ദേശീയപാത അതോറിറ്റിക്കുമാണ്.
ബൈപാസ് ഉദ്ഘാടനം ചെയ്ത 2019 ജനുവരിയില്‍ തന്നെ കുരീപ്പുഴയില്‍ ടോള്‍ പ്ലാസ നിര്‍മിച്ചിരുന്നെങ്കിലും ടോള്‍ പിരിവ് തുടങ്ങിയിരുന്നില്ല. കഴിഞ്ഞ നവംബറിലാണ് ടോള്‍ പിരിക്കാനുള്ള ടെണ്ടര്‍ ക്ഷണിച്ചത്. 352 കോടി രൂപയാണ് ബൈപ്പാസിന് ചെലവാക്കിയത്. പ്രദേശവാസികള്‍ക്ക് ടോള്‍ നല്‍കേണ്ടി വരുമെന്ന പ്രചാരണം തെറ്റാണെന്നും എന്‍.എച്ച്.ഐ പുറത്തിറക്കിയ സര്‍ക്കുലറിലുള്ള എല്ലാ ഇളവുകളും പ്രദേശവാസികള്‍ക്ക് ലഭിക്കുമെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ അധികൃതരുടെ ഈ വാക്കുകള്‍ നാട്ടുകാര്‍ ഇനിയും വിശ്വാസത്തിലെടുത്തിട്ടില്ല.
അഞ്ച് കാറ്റഗറിയായാണ് വാഹനങ്ങളെ തരംതിരിച്ചിരിക്കുന്നത്. ഓരോന്നിനും ഏര്‍പ്പെടുത്തിയിട്ടുള്ള തുകയും ദേശീയപാതാ അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 48 ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും കൗണ്ടറില്‍ ജോലി ചെയ്യുന്നവര്‍ക്ക് രണ്ടാഴ്ച പരിശീലനം നല്‍കിയാലേ ടോള്‍ പ്ലാസ പ്രവര്‍ത്തിക്കാനാകൂവെന്നും ജീവനക്കാര്‍ പറയുന്നു. ഹരിയാന സ്വദേശി രവീന്ദ്രര്‍ സിംഗിന്റെ ഉടമസ്ഥതയിലുള്ള വി.എസ് ഗ്രൂപ്പാണ് ടോള്‍ പിരിക്കാന്‍ മൂന്ന് മാസത്തേക്ക് കരാര്‍ എടുത്തിരിക്കുന്നത്. മാര്‍ച്ച് വരെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാകും ടോള്‍ പിരിവിനുള്ള കരാര്‍ പുതുക്കി നല്‍കണമോയെന്ന് തീരുമാനിക്കുക.
ടോള്‍ പിരിവ് രണ്ട് ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പ് മറികടന്ന് ടോള്‍ പിരിവ് നടത്തുക കമ്പനിക്ക് പ്രയാസമായിരിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും യുവജന സംഘടനകളുടെയും പ്രതിഷേധം കണക്കിലെടുത്ത് ടോള്‍ പ്ലാസ പൊലീസ് സുരക്ഷയിലാണ്.