കൊല്ലം: പ്രാക്കുളം ഗോസ്‌തല കാവിന് സമീപം വൈദ്യുതാഘാതമേറ്റ് ഭാര്യയും ഭർത്താവും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ സന്തോഷ് (48), ഭാര്യ റംല (40), അയൽവാസി ശ്യാംകുമാർ (35) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്‌ച രാത്രി 8.30ന് ആണ് സംഭവം.
Also Read:കൊല്ലത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തി
സന്തോഷിന്‍റെ ഭാര്യ റംലയ്‌ക്കാണ് ആദ്യം ഷോക്കേറ്റത്. കുളി കഴിഞ്ഞ് തോർത്ത് അഴയിൽ ഇടവെ കാലുതെന്നി റംല സമീപത്തെ ഇലക്ട്രിക് സ്വിച്ച് ബോർഡിലേക്ക് വീഴുകയായിരുന്നു. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കവേയാണ് സന്തോഷിന് ഷോക്കേറ്റത്.
വീട്ടിലുണ്ടായിരുന്ന ഇവരുടെ മക്കളുടെ നിലവിളി കേട്ടെത്തിയ അൽവാസി ശ്യാംകുമാറിന് ഇരുവരെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയവർ വീട്ടിലെ മെയിൻ സ്വിച്ച് ഓഫ് ചെയ്ത ശേഷം മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മരിച്ച സന്തോഷും കുടുംബവും ഇവിടെ വർഷങ്ങളായി വാടകയ്ക്ക് താമസിക്കുകയാണ്. ഷീറ്റ് മേഞ്ഞ ചെറിയ വീടിനുള്ളിൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് വേണ്ടി ഇലക്ട്രിക് വയറുകൾ പല ഭാഗങ്ങളിലായി ഘടിപ്പിച്ചിട്ടുണ്ട്.
സന്തോഷിനും റംലയ്ക്കും മൂന്ന് പെൺമക്കളാണ്. ശ്യാം കുമാർ വിവാഹിതനാണ്. ഒരു മകനുണ്ട്. കൊല്ലം എസിപി ടിബി വിജയന്‍റെ നേതൃത്വത്തിൽ പൊലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.