കൊല്ലം: തെന്മല പരപ്പാര്‍ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകളും തുറന്നു. 112.30 മീറ്ററുണ്ടായിരുന്ന ജലനിരപ്പ് 112 മീറ്ററായി ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് അഞ്ച് സെന്‍റിമീറ്റര്‍ വീതം ഷട്ടറുകൾ തുറന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജനങ്ങള്‍ ജാഗ്രത പാലിക്കണം. കിഴക്കന്‍ മേഖലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന മഴ തുടരുന്ന സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ജലം ഒഴുക്കിവിട്ട് ക്രമീകരണം നടത്തുന്നതെന്നും അസിസ്റ്റന്‍റ് എഞ്ചിനീയര്‍ അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ചകളിലായി കനത്ത മഴയാണ് കിഴക്കൻ മേഖലയിലും ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളിലും ലഭിച്ചത്. ഒപ്പം അണക്കെട്ടിലെ ജലത്തിന്‍റെ പ്രധാന ശ്രോതസായ ഉമയാർ, ശംഖിലി വനമേഖലയില്‍ ഉണ്ടാകുന്ന ചെറുതും വലുതുമായ ഉരുൾപൊട്ടലുകളും പരപ്പാര്‍ അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരാന്‍ കാരണമായി. അധിക വൈദ്യുതി ഉല്‍പാദിപ്പിച്ചു കൂടുതല്‍ ജലം ഒഴുക്കിവിടാനുള്ള ശ്രമം തുടരുമ്പോഴും കാര്യമായി ജലനിരപ്പ് കുറയാതായതോടെയാണ് ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറക്കാന്‍ അധികൃതര്‍ തീരുമാനമെടുത്തത്. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്‍റെ അളവ് അനുസരിച്ച് ആവശ്യമെങ്കില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു.