കൊല്ലം: ഇരവിപുരം ആലുംമൂട് ശിവക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് പണം മോഷ്‌ടിച്ചു. വ്യാഴാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. രാവിലെ നട തുറക്കാൻ എത്തിയ പൂജാരിയാണ് വഞ്ചി കുത്തിതുറന്ന നിലയിൽ കണ്ടത്. തുടർന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ വിവരം അറിയിച്ചു. ക്ഷേത്രഭാരവാഹികൾ ഇരവിപുരം പൊലീസിൽ പരാതി നൽകി. പൊലീസ് സംഭവ സ്ഥലത്തെത്തി ക്ഷേത്രത്തിന് സമീപമുള്ള സിസിടിവികളിൽ നിന്നും ദൃശ്യങ്ങൾ ശേഖരിച്ചു.
രണ്ടാഴ്‌ചയ്ക്ക് മുമ്പ് ക്ഷേത്രത്തിന് സമീപത്തെ ഫ്ലാറ്റിലെ കിണറിൽ സ്ഥാപിച്ചിരുന്ന നാല് മോട്ടോറുകൾ മോഷണം പോയിരുന്നു. സംഭവത്തിൽ ഫ്ലാറ്റ് ഉടമസ്ഥർ ഇരവിപുരം പൊലീസിൽ പരാതി നൽകുകയും പൊലീസ് അന്വേഷണം നടന്നുവരികയുമാണ്. ഇരവിപുരത്തും സമീപപ്രദേശങ്ങളിലും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണങ്ങൾ പതിവായിരിക്കുകയാണ്. മോഷണങ്ങൾ തടയുന്നതിനായി പൊലീസിന്‍റെ രാത്രികാല പെട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.