കൊല്ലം: കൂപ്പുകുത്തുന്ന കശുവണ്ടി മേഖലയെ താങ്ങി നിർത്താൻ 135 കോടിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ. ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് പ്രഖ്യാപനം. അടഞ്ഞുകിടക്കുന്ന ഫാക്ടറികൾ തുറക്കുന്നതിനും വ്യവസായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള തീവ്രയജ്ഞ വർഷമായിരിക്കും ഇതെന്ന് തോമസ് ഐസക്ക് പറഞ്ഞു. പുനരുദ്ധാരണ പാക്കേജിലെ സ്വകാര്യ കശുവണ്ടി ഫാക്ടറികളുടെ പലിശ സബ്സിഡിക്കായി 20 കോടി രൂപയും ഗ്രാറ്റിവിറ്റി നൽകുന്നതിനായി 20 കോടി രൂപയും നൽകും. കാഷ്യു ബോർഡിന് 50 കോടി രൂപയും കോർപ്പറേഷന്‍റെയും ക്യാപ്പക്‌സിന്‍റെയും നവീകരണത്തിനായി 20 കോടി രൂപയും കശുവണ്ടി കൃഷിക്ക് അഞ്ച് കോടി രൂപയും ബജറ്റില്‍ വകയിരുത്തി. 1970കളിൽ ഏറ്റെടുത്ത ഫാക്ടറികളുടെ ഉടമസ്ഥർക്ക് വേണ്ടി 20 കോടി രൂപ അനുവദിക്കും.
കാഷ്യു ബോർഡിന് തോട്ടണ്ടിയുടെ വില തിരിച്ചു നൽകുന്നതിന് എസ് ക്രോസ് അക്കൗണ്ട് ആരംഭിക്കണമെന്ന കഴിഞ്ഞ ബജറ്റിലെ നിബന്ധന പാലിക്കാൻ ക്യാപ്പെക്സും കോർപ്പറേഷനും തയ്യാറായിട്ടില്ലെന്നും ഈ നിബന്ധന കർശനമായി പാലിക്കണമെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം തൊഴിലാളികളെ മറന്നുള്ള ധനമന്ത്രിയുടെ പ്രഖ്യാപനം കശുവണ്ടി മേഖലയെ തകർക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. കയർ മേഖലയിലെ തൊഴിലാളികളെ പോലെ അർഹമായ വേതനം കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്ക് നൽകാതെ കെട്ടിടങ്ങൾ മോടിപിടിപ്പിക്കാൻ കോടികൾ വാരിക്കോരി നൽകുന്നുവെന്ന് ഐഎൻടിയുസി നേതാവ് കടകംപള്ളി മനോജ് പറഞ്ഞു. അനുവദിക്കുന്ന തുക ചെലവാക്കാതെ വകമാറ്റുന്ന പതിവ് ഈ മേഖലയിൽ നടക്കുന്നുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.