കൊല്ലം: എല്ലാ വിഭാഗങ്ങളെയും ഒന്നായി കണ്ട് വിവേചനരഹിത വികസനമാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. ചടയമംഗലം-പുനലൂര്‍ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പെരുങ്ങള്ളൂര്‍ പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 570 പാലങ്ങളാണ് നിര്‍മിച്ചത്. അവയില്‍ ഏറെയും പൂര്‍ത്തിയായി. മറ്റൊരു സംസ്ഥാനത്തും ഇത്രയും പാലങ്ങള്‍ ഉണ്ടാക്കുന്നില്ല. കോടതി, ആശുപത്രി, സ്‌കൂള്‍, ഓഫീസുകള്‍ തുടങ്ങിയവയ്ക്കായി 4000 കെട്ടിടങ്ങളാണ് പണിയുന്നത്. 5000 റോഡുകളും ഇക്കാലയളവില്‍ നിര്‍മിച്ചതെന്നും മന്ത്രി പറഞ്ഞു.
98 ശതമാനവും കേടുപാടില്ലാത്ത റോഡുകളാണുള്ളത്. ശേഷിക്കുന്നവ അറ്റകുറ്റപണി നടത്തി നന്നാക്കുകയാണ്. റോഡ് സേഫ്റ്റി കോറിഡോര്‍ നിര്‍മിച്ചു സുഗമ ഗതാഗതത്തിന് സൗകര്യം ഒരുക്കുകയുമാണ്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിര്‍മാണമാണ് പൊതുമരാമത്തു വകുപ്പ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് മികവുറ്റ റോഡുകളാണ് നാട്ടിലുടനീളം നിര്‍മിക്കുന്നതെന്നും ഭാവിയില്‍ വെള്ളപ്പൊക്കം ഉണ്ടായാലും തകരാത്ത വിധമുള്ള ഉയരം കൂടിയ റോഡുകള്‍ ഉറപ്പാക്കുകയാണെന്നും അധ്യക്ഷനായ വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു.