കൊല്ലം : ശാസ്താംകോട്ടയിൽ ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പിതാവ്. തന്‍റെ മകളെ ഭർത്താവ് കിരൺ ക്രൂരമായി മർദിക്കുമായിരുന്നുവെന്നും അയാള്‍ കൊലപ്പെടുത്തി കെട്ടിതൂക്കിയതാണെന്നും പിതാവ് ത്രിവിക്രമൻ നായർ ആരോപിച്ചു
തിങ്കളാഴ്ച പുലർച്ചെയാണ് വിസ്‌മയയെ ശാസ്താംകോട്ട, ശാസ്താംനടയിലെ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്.
'മകളെ നിരന്തരം മർദിച്ചിരുന്നു'
2020 മെയ് 31 നായിരുന്നു വിസ്‌മയയും കിരൺകുമാറും തമ്മിലുള്ള വിവാഹം. 100 പവൻ സ്വർണവും ഒരു ഏക്കർ സ്ഥലവും പത്ത് ലക്ഷം രൂപ വിലയുള്ള കാറുമാണ് സ്ത്രീധനമായി നൽകിയത്.
ALSO READ: ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചു; കൊലപാതകമെന്ന് ബന്ധുക്കൾ
എന്നാൽ കാർ വിറ്റ് പണം നൽകാൻ വീട്ടുകാരോട് ആവശ്യപ്പെടാൻ വിസ്മയയെ ഇയാൾ നിരന്തരം പ്രേരിപ്പിച്ചിരുന്നു. ഇതിന് തങ്ങൾ തയ്യാറാകാതെ വന്നതോടെയാണ് മകളെ ഇയാൾ നിരന്തരം മർദിച്ചതെന്നും വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞു.
'മർദനമേറ്റ ചിത്രങ്ങള്‍ അമ്മയ്ക്കയച്ചു'
കാറിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കുറച്ച് നാൾ മുമ്പ് മദ്യപിച്ച് ലക്കുകെട്ട കിരൺ വിസ്‌മയയെ പാതിരാത്രിയിൽ വീട്ടിൽ എത്തിച്ചിരുന്നെന്നും, വീട്ടുകാരുടെ മുൻപിൽ വെച്ച് മർദിക്കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
ഇതിനെ ചോദ്യം ചെയ്ത സഹോദരൻ വിജിത്തിനെയും കയ്യേറ്റം ചെയ്തു. എന്നാൽ ഒരു മാസം കഴിഞ്ഞ് വിസ്‌മയ ഭർത്താവിനൊപ്പം മടങ്ങിയിരുന്നു. പിന്നെയും മർദനം തുടർന്നതോടെ ഇക്കാര്യം അമ്മ സജിതയെ വിസ്‌മയ ഫോണിലൂടെ അറിയിച്ചു. മരിക്കുന്നതിന് തലേദിവസവും മർദനമേറ്റ പാടുകൾ ഫോണിൽ പകർത്തി അമ്മയ്ക്കയച്ചു.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്‌റ്റ് മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു.