കൊല്ലം: പാക് ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ അനീഷ് തോമസിന്‍റെ മൃതദേഹം നാളെ രാവിലെ പത്തരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കും. ഉച്ചയോടെ ജന്മനാടായ കൊല്ലം കടയ്ക്കലെ വസതിയിലെത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ അനീഷ് പഠിച്ച വിദ്യാലയത്തിലെ പൊതുദർശനം ഒഴിവാക്കിയതായി ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അവസാനമായി നാട്ടില്‍ എത്തിയ അനീഷ് ഈ മാസം 25ന് വീണ്ടും നാട്ടില്‍ അവധിക്ക് വരാനിരിക്കെയാണ് അപ്രതീക്ഷമായുണ്ടായ ആക്രമണത്തില്‍ അനീഷ് വീരമൃത്യു വരിക്കുന്നത്.
നാട്ടിലെത്തുമ്പോൾ കൊവിഡ് നിരീക്ഷണത്തില്‍ കഴിയാനുള്ള ഒരുക്കങ്ങള്‍ അടക്കം ചെയ്‌ത് കാത്തിരുന്ന വീട്ടുകാര്‍ക്ക് അനീഷിന്‍റെ വേര്‍പാട് ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. പത്തനാപുരം കോളജില്‍ പഠിക്കുമ്പോള്‍ നടന്ന കോളജ് സെലക്ഷന്‍ വഴിയാണ് അനീഷ് ചെറുപ്രായത്തില്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാകുന്നത്. സേനവൃത്തിയില്‍ 16 വര്‍ഷം പൂര്‍ത്തീകരിച്ച അനീഷ് തോമസ് മികച്ച സൗഹൃദങ്ങളുടെ തോഴനായിരുന്നു. എമിലിയാണ് അനീഷ് തോസിന്‍റെ ഭാര്യ. ആറുവയസുകാരി ഹന്ന ഏക മകളാണ്.