കൊല്ലം : പത്തനാപുരം കുമരംകുടി എസ്റ്റേറ്റിൽ കടുവയ്ക്ക് മുന്നിൽ മരണത്തെ മുഖാമുഖം കണ്ട ടാപ്പിങ് തൊഴിലാളി രക്ഷപ്പെട്ടത് തലനാഴിരയ്ക്ക്. വാനരൻമാർ എത്തിയതാണ് ഫാമിങ് കോർപ്പറേഷൻ കുമരംകുടി എസ്റ്റേറ്റിലെ താത്കാലിക ടാപ്പിങ് തൊഴിലാളിയായ ശരത്(23) രക്ഷപ്പെടാൻ കാരണം.
ജോലിക്കിടെ റബ്ബർ തോട്ടത്തിൽ വച്ചാണ് ശരത് കടുവയ്ക്ക് മുൻപിൽ അകപ്പെടുന്നത്. എന്നാൽ കടുവയ്ക്ക് ഒരു കുരങ്ങനെ കിട്ടിയതുകൊണ്ടുമാത്രം ശരത് രക്ഷപ്പെട്ടു.
സംഭവത്തെ കുറിച്ച് ശരത് പറയുന്നതിങ്ങനെ:
ഒറ്റപ്പെട്ട റബ്ബർ തോട്ടത്തിന്‍റെ കാടുമൂടിയഭാഗത്ത് വാനരന്മാരുടെ ഒച്ചകേട്ടാണ് ശ്രദ്ധിക്കുന്നത്. കടുവ തൊട്ടുമുന്നിലെത്തിയപ്പോൾ എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയി. ടാപ്പിങ് കത്തി ഉപേക്ഷിച്ച് പിന്നൊരു ഓട്ടമായിരുന്നു. അടുത്തെങ്ങും ആരുമില്ല. അലറിവിളിക്കണമെന്ന് തോന്നിയെങ്കിലും ശബ്‌ദം പുറത്തുവന്നില്ല.
ഒന്ന് തിരിഞ്ഞുനോക്കിയപ്പോൾ കുരങ്ങനെ പിടികൂടിയ കടുവയെ കണ്ടു. ഓട്ടത്തിനിടയിൽ വള്ളിപ്പടർപ്പുകളിൽ കാൽ കുരുങ്ങിവീണു. പരിക്കേറ്റ കാലുമായി പിന്നെയും ഓടി റബ്ബർ പാൽ ശേഖരിക്കുന്ന സെന്‍ററിലെത്തി കാര്യം പറഞ്ഞു.
വന്യമൃഗ ശല്യം തുടർക്കഥ
മുൻപ് പലരും പ്രദേശത്ത് കടുവയെയും പുലിയെയും കണ്ടിട്ടുണ്ട്. ഫാമിങ് കോർപ്പറേഷൻ അധികൃതരും വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. വനവുമായി അതിർത്തി പങ്കിടുന്ന എസ്റ്റേറ്റുകളിൽ വന്യമൃഗശല്യം ഭയന്നാണ് തൊഴിലാളികൾ ജോലിചെയ്യുന്നത്.
അടുത്തിടെ ശരത്തിന്‍റെ സുഹൃത്തായ അനീഷ് ജോലിക്കിടെ രാജവെമ്പാലയുടെ മുന്നിൽനിന്ന് കഷ്‌ടിച്ച് രക്ഷപ്പെട്ടിരുന്നു. രണ്ടുവർഷം മുൻപ് സൂപ്പർവൈസറെ കാട്ടാന കൊന്ന സംഭവവുമുണ്ട്. നിരവധി തൊഴിലാളികൾ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്. ഫാമിങ് കോർപ്പറേഷൻ തോട്ടങ്ങൾക്കുചുറ്റും സൗരവേലി സ്ഥാപിച്ചിട്ടുണ്ട്. എന്നിട്ടും വന്യ ജീവികളുടെ ആക്രമണം തുടര്‍ക്കഥയാണ്.
Also Read: കടുവയെ പിടിക്കാൻ കഴിയാത്തത് സംവിധാനങ്ങളുടെ കഴിവില്ലായ്മ: ബിഷപ്പ് മാർ ജോസ് പൊരുന്നേടം