കൊല്ലം: ജില്ലയിലെ കുളത്തുപ്പുഴയിൽ കൊവിഡ്-19 സ്ഥിരീകരിച്ചത് സംബന്ധിച്ച് തമിഴ്‌നാട് പൊലീസും അന്വേഷണം ആരംഭിച്ചു. കൊവിഡ് സ്ഥിരീകരിച്ച യുവാവ് തെങ്കാശി ജില്ലയിലെ പുളിയങ്കുടിയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് തിരികെ എത്തിയതോടെയാണ് പ്രദേശത്ത് രോഗം റിപ്പോർട്ട് ചെയ്യുന്നത്.
രോഗ ലക്ഷണങ്ങൾ പ്രകടമാകാത്ത യുവാവ് യാത്രാ വിവരം മറച്ചുവയ്ക്കുകയും പ്രദേശങ്ങളിൽ നിരന്തരമായി സഞ്ചരിക്കുകയും ചെയ്തിരുന്നു. തമിഴ്‌നാട് പൊലീസും ആരോഗ്യവകുപ്പും കുളത്തൂപ്പുഴ പൊലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ പുളിയങ്കുടിയിൽ പുറത്തു നിന്ന് എത്തിയ ഏകയാൾ രോഗം സ്ഥിരീകരിച്ച വ്യക്തിയാണെന്ന് കണ്ടെത്തി. യുവാവ് പലതവണ തമിഴ്‌നാട്ടിൽ വീട്ടിൽ എത്തിയെന്ന നിഗമനത്തിൽ യുവാവിന്‍റെ യാത്രകളെ സംബന്ധിച്ച അന്വേഷണത്തിലാണ് തമിഴ്‌നാട് സ്പെഷ്യൽ ബ്രാഞ്ച്. അതേസമയം യുവാവ് മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ യാത്രാ വിവരങ്ങൾ കണ്ടെത്തുക പ്രയാസകരമാണ്.