കൊല്ലം: നീണ്ട 17 വർഷത്തെ പ്രവാസ ജീവിതം പൂർത്തിയാക്കിയാണ് കൊല്ലം വെളിയം സ്വദേശിയായ വിനോദ് കുമാർ തിരികെ നാട്ടിലെത്തിയത്. അധ്വാനിക്കാൻ മനസുള്ള വിനോദിന് സംസ്ഥാന കൃഷി വകുപ്പ് നൽകിയ പ്രോത്സാഹനമാണ് കൃഷി സ്വയം തൊഴിലാക്കാൻ പ്രേരണയായത്.
പത്ത് പശുക്കളുമായി തുടങ്ങിയ കാർഷിക ജീവിതം ഇന്ന് നാടറിയപ്പെടുന്ന ഫാം കർഷകനായി അദ്ദേഹത്തെ മാറ്റി. വിവിധ ഇനങ്ങളിലുള്ള 65 പശുക്കളാണ് ഇപ്പോഴുള്ളത്. പ്രതിദിനം 400 ലിറ്റർ പാൽ ഉൽപാദനം ഉണ്ട്. നേരിട്ട് എത്തുന്നവർക്കും സൊസൈറ്റികൾ മുഖേനയുമാണ് പാൽ വിൽപന. മത്സ്യകൃഷിയുടെ സാധ്യതകളാണ് പിന്നീട് വിനോദ് പരീക്ഷിച്ചത്. ആദ്യം ചെറിയൊരു കുളം കുത്തി മീൻ വിത്തിട്ടു. ഇപ്പോൾ കുളങ്ങൾ അഞ്ചോളം ഉണ്ട്. ആറ്റുവാള, നട്ടർ, സിലോപ്പി, കട്‌ല തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായുള്ളത്. ഒരു വർഷം നാലു ടൺ വരെ മൽസ്യം വിൽക്കുന്നു എന്നത് തന്നെ ഈ കൃഷി വിജയത്തിന്റെ സാക്ഷ്യം.
ഇതിനുപുറമേ മരച്ചീനി പടർപ്പിനുള്ളിൽ പാഷൻഫ്രൂട്ട്, വെണ്ട, ചീര തുടങ്ങി സമ്മിശ്ര കൃഷിയിലൂടെ പുത്തൻ വിജയ മാതൃകയാണ് വിനോദ് തീർത്തിട്ടുള്ളത്. സഹായത്തിനായി നേപ്പാളി കുടുംബവും വിനോദിന് ഒപ്പമുണ്ട്. ഫാമിലെത്തുന്നവരെ കാഴ്ചകൾ പരിചയപ്പെടുത്താൻ കരുണ എന്ന് വിളിക്കുന്ന നാല് വയസുകാരി മുന്നിൽ ഉണ്ടാകും. നാല് ഏക്കർ വരുന്ന കൃഷി തോട്ടത്തിൽ റബ്ബർ മുതൽ തീറ്റപ്പുൽ വരെയുണ്ട്. വാഴ, വഴുതന, പടവലം തുടങ്ങി മാങ്കോസ്റ്റിൻ സമൃദ്ധി വരെ നീളുന്നു വൈവിധ്യം.
ഏതെങ്കിലും ഒരു കൃഷിയിൽ നഷ്ടം ഉണ്ടായാൽ അത് മറ്റൊന്നിൽ നികത്താൻ കഴിയും എന്നതാണ് വിനോദ് നൽകുന്ന പാഠം. ആടും താറാക്കൂട്ടങ്ങളും മുയലുകളും വിവിധ ഇനം കോഴികളും ഫാമിലുണ്ട്. മണ്ണിൽ പൊന്ന് വിളയിച്ച ഈ മാതൃകാ കർഷകനെ നിരവധി അംഗീകാരങ്ങളാണ് തേടിയെത്തിയത്. കൃഷിയിലേക്ക് കൂടുതൽ പേരെ എത്തിക്കാൻ ഫാം ടൂറിസം സാധ്യതകൾ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് വിനോദ് കുമാർ. ചുരുങ്ങിയ കാലം കൊണ്ട് നേടിയ ഈ കാർഷിക വിജയം അതിന് കൈതാങ്ങാകും എന്നതിൽ സംശയമില്ല.