കൊല്ലം: കൊവിഡ് മഹാമാരിയിൽ വിറങ്ങലിച്ച് ജനങ്ങൾ പ്രാണവായുവിനായി നെട്ടോട്ടമോടുമ്പോൾ നന്മയുടെ കരങ്ങളുമായി കൊല്ലംകാരി സുബൈദ. ചായക്കട നടത്തി ഉപജീവനം നടത്തുന്ന സുബൈദ താൻ വളർത്തുന്ന ആടുകളെ വിറ്റുകിട്ടിയ 5,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. പള്ളിത്തോട്ടം പൊലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തുന്ന പോര്‍ട്ട് കൊല്ലം സ്വദേശിനിയായ സുബൈദ കഴിഞ്ഞ പ്രളയകാലത്തും ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. കേന്ദ്ര സർക്കാർ വാക്‌സിൻ സൗജന്യമായി നൽകില്ലെന്നറിഞ്ഞതോടെയാണ് താൻ വളർത്തിയിരുന്ന നാല് ആടുകളെ വിറ്റ്, ആ പണം കൊല്ലം കലക്ടർക്ക് കൈമാറിയത്.
വാക്സിനെക്കുറിച്ചുള്ള വാർത്തകൾ കേട്ടറിഞ്ഞതോടെ ആരോടും ഒന്നും ആലോചിക്കാതെയാണ് സുബൈദ ആടുകളെ വിറ്റ പണവുമായി കലക്ടറേറ്റിലേക്ക് പോയത്. പണം കലക്ടർക്ക് കൈമാറി തിരികെ എത്തി സുബൈദ തന്‍റെ ചായക്കച്ചവടം തുടരുകയും ചെയ്തു.
ഇത് കൂടാതെ ആടിനെ വിറ്റുകിട്ടിയ ബാക്കി തുക ബുദ്ധിമുട്ടനുഭവിക്കുന്ന 30 കുടുംബങ്ങള്‍ക്ക് നൽകാനാണ് 67 കാരിയായ സുബൈദ തീരുമാനിച്ചിരിക്കുന്നത്. വാക്സിൻ ചലഞ്ചിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ് സുബൈദ. ഇത്രയൊക്കെയായിട്ടും ചുറ്റുമുള്ള ചിലർ താൻ ചെയ്ത സഹായത്തിന്‍റെ പേരിൽ കുത്തുവാക്കുകൾ പറയാറുണ്ടെന്നും സുബൈദ പറയുന്നു. ചായക്കടയില്‍ നിന്നും ലഭിക്കുന്ന തുഛമായ വരുമാനം കൊണ്ടാണ് സുബൈദ തന്‍റെ ഹൃദ്രോഗിയായ ഭര്‍ത്താവ് അബ്ദുള്‍ സലാമിനെയും സഹോദരനെയും സംരക്ഷിക്കുന്നത്. ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും മറ്റുള്ളവരുടെ വേദന തിരിച്ചറിയാനാകുന്ന സുബൈദയെ പോലുള്ള മനുഷ്യരുടെ ശ്രദ്ധേയമായ ഇടപെടല്‍ മഹത്തരമാണ്.