കൊല്ലം: ചൈനയിലെ വുഹാനില്‍ നിന്നും തിരിച്ചെത്തി ഡല്‍ഹിയില്‍ 14 ദിവസത്തെ കര്‍ശന നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ഥികള്‍ ഇന്നും നാളെയുമായി കൊല്ലത്ത് എത്തിച്ചേരും. 30 വിദ്യാർഥികളിൽ ആര്‍ക്കും തന്നെ രോഗബാധ ഇല്ലെന്ന് പരിശോധനകളില്‍ സ്ഥിരീകരിച്ചു. എന്നാല്‍ ചികിത്സാ പ്രോട്ടോക്കോള്‍ പ്രകാരം ഇവര്‍ 14 ദിവസത്തേക്ക് കൂടി കര്‍ശന ഗൃഹനിരീക്ഷണത്തില്‍ തുടരേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി. ഷേര്‍ളി അറിയിച്ചു.
കേരളത്തില്‍ നിന്നും പുറത്തേക്ക് പോകുന്നവര്‍ക്ക് പ്രാദേശികമായി രോഗ സംക്രമണം ഇതുവരെ റിപ്പോർട്ട് ചെയ്യാത്തതിനാല്‍ അവിടെ ഐസൊലേഷനോ വീട്ടിൽ നിരീക്ഷണമോ ആവശ്യമില്ല. ഇതര സംസ്ഥാനങ്ങളില്‍ കേരളത്തില്‍ നിന്നുള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെടുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഡി.എം.ഒ ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ കേസുകളില്‍ 28 ദിവസത്തെ പ്രത്യേക നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് അതത് പ്രദേശത്തെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്. വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
ജില്ലയില്‍ വീട്ടുനിരീക്ഷണത്തില്‍ നിലവില്‍ 156 പേരാണ് ഉള്ളത്. പുതിയതായി ആരും ചികിത്സക്കായി എത്തിയിട്ടില്ല. എട്ടു പേര്‍ കൂടി നിരീക്ഷണ കാലാവധി കഴിഞ്ഞ് പുറത്തുവന്നതായും ജാഗ്രത പുലര്‍ത്തുന്നതായും ഡി.എം.ഒ അറിയിച്ചു.