കൊല്ലം: പുത്തൂർ താഴം കരിമ്പുഴ റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് തെഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി നാട്ടുകർ. ഇരുനൂറിൽപരം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. പവിത്രേശ്വരം പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് നാട്ടുകാർ സഞ്ചാരയോഗ്യമായ വഴിയില്ലാതെ ബുദ്ധിമുട്ടുന്നത്.
റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് 30 വർഷമായി. റോഡ് ടാർ ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളെ സമീപിച്ചെങ്കിലും നടപടികൾ ഒന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. മഴക്കാലമാകുമ്പോൾ രൂക്ഷമായ വെള്ളക്കെട്ടും റോഡിലെ മോശം അവസ്ഥയും ഇരുചക്രവാഹന യാത്രക്കാരെ അപകടത്തിലാക്കുകയാണ്.
രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശമായതിനാൽ റോഡ് ടാർ ചെയ്യാത്തതിനാൽ ടാങ്കറിൽ വെള്ളമെത്തിക്കാനും പ്രയാസം നേരിടുകയാണ്. അമ്പതിൽപരം പട്ടികജാതി കുടുംബങ്ങൾ അധിവസിക്കുന്ന പ്രദേശമാണിത്. പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.