കൊല്ലം: കൊല്ലം റൂറൽ ജില്ലയിൽ പുതുവത്സരാഘോഷം പ്രമാണിച്ച് കർശന സുരക്ഷ ഒരുക്കിയിട്ടുള്ളതായി ജില്ലാ പൊലീസ് മേധാവി ആർ.ഇളങ്കോ അറിയിച്ചു. വിനോദസഞ്ചാര മേഖലകള്‍, ബാര്‍ ഹോട്ടലുകള്‍, ബിവറേജ് ഔട്ട്ലെറ്റുകള്‍, റയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍റുകള്‍ എന്നിവ കേന്ദ്രീകരിച്ച് ശക്തമായ പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലഹരി വസ്‌തുക്കള്‍, വ്യാജ ചാരായം തുടങ്ങിയവയുടെ കടത്തലും വിപണനവും തടയുന്നതിലേയ്ക്കായി എക്സൈസ് വകുപ്പുമായി ചേര്‍ന്ന് പൊലീസ് ഡാന്‍സഫ് ടീം, ഡോഗ് സ്ക്വാഡ് എന്നിവയുടെ സംയുക്ത പരിശോധനകള്‍ നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പൊലീസ് മേധാവി അറിയിച്ചു.
മദ്യപിച്ചും അലക്ഷ്യമായും മറ്റും വാഹനം ഓടിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുത്ത് കോടതിയിൽ സമർപ്പിക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. യാതൊരു കാരണവശാലും ഇത്തരം വാഹനങ്ങൾ സ്റ്റേഷൻ ജാമ്യത്തിൽ നൽകില്ല. പുതുവത്സരാഘോഷങ്ങള്‍ കഴിഞ്ഞ് വരുന്നവരുടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്ന് ശക്തമായ വാഹന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. പുതുവത്സരാഘോഷങ്ങള്‍ നടക്കാന്‍ സാധ്യതയുളള ക്ലബുകള്‍ റസ്റ്റോറന്‍റുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം കൊവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന കർശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മാർഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
എം.സി റോഡ്, എന്‍.എച്ച് 744 എന്നിവ കേന്ദ്രീകരിച്ച് 31.12.2020 രാത്രി എട്ട് മണി മുതല്‍ 01.01.2021 പുലർച്ചെ നാല് മണി വരെ പൊലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് ശക്തമായ വാഹന പരിശോധനയും നടത്തും. നിയന്ത്രണവിധേയമല്ലാത്തതും അനുമതിയില്ലാത്തതുമായ ആള്‍ക്കൂട്ടങ്ങളോട് കൂടിയ ആഘോഷങ്ങളും ഡി.ജെ പാര്‍ട്ടികളും മറ്റും കര്‍ശനമായി നിരോധിച്ചിട്ടുളളതാണെന്നും പൊലീസ് അറിയിച്ചു. പൊതുസ്ഥലങ്ങളിലും മറ്റും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.