കൊല്ലം: മൂന്ന് മാസം മുമ്പ് വന്ധ്യകരണം നടത്തിയെന്ന് പറയപ്പെടുന്ന തെരുവുനായ പ്രസവിച്ചതോടെ പുറത്തുവന്നത് വന്‍ ക്രമക്കേട്. എബിസി പദ്ധതിയുടെ ഭാഗമായി പോളയത്തോട് കോർപറേഷൻ വ്യാപാര സമുച്ചയത്തിന് മുന്നിൽനിന്നു പിടിച്ചുകൊണ്ടുപോയ തെരുവുനായ പ്രസവിച്ചെന്നാണ് നാട്ടുകാരുടെ പരാതി. പോളയത്തോട്ടിൽ തമ്പടിച്ചിട്ടുള്ള ഈ തെരുവുനായ ഓട്ടോറിക്ഷ തൊഴിലാളികൾക്കും സമീപത്തെ കച്ചവടക്കാർക്കും സുപരിചിതയാണ്. അതേസമയം, കൊല്ലം കോർപറേഷനില്‍ നിന്നും എത്തിയ ആളുകള്‍ പിടിച്ചുകൊണ്ടുപോയ നായയെ മൂന്ന് ദിവസം കഴിഞ്ഞാണ് തിരികെ കൊണ്ടുവന്നു വിട്ടത്.
വന്ധ്യകരണം നടത്തുന്ന നായകളുടെ ചെവി ഇംഗ്ലീഷ് അക്ഷരമാലയിലെ വി ആകൃതിയിൽ മുറിക്കാറാണ് പതിവ്. വന്ധ്യകരണം നടത്തിയതായി പറയുന്ന നായയുടെയും ചെവിയും ഇത്തരത്തിൽ മുറിച്ചിട്ടുണ്ട്. മുണ്ടയ്‌ക്കൽ, ഉളിയക്കോവിൽ എന്നിവിടങ്ങളിലും വന്ധ്യകരണം നടത്തിയ നായകൾ പ്രസവിച്ചതായി ആരോപണമുണ്ട്.
നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷമായിട്ടും അനങ്ങാതിരുന്ന കോർപറേഷൻ കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിക്കുന്ന മാസമാണ് പദ്ധതി നടപ്പാക്കിയത്. മാർച്ച് ഒന്ന് മുതൽ 31 വരെ ആയിരുന്നു എബിസി പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ ഭാഗമായി 800 തെരുവുനായകളെ വന്ധ്യംകരിച്ചെന്നാണ് കോര്‍പറേഷന്‍ വാദം. എന്നാല്‍ ഈ കണക്ക് അവിശ്വസനീയമാണെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.
ഒരു വെറ്ററിനറി സർജന് ഒരു മാസത്തിനുള്ളിൽ 800 നായകളുടെ ശസ്‌ത്രക്രിയ നടത്തല്‍ സാധ്യമല്ല. ഒരു നായയെ വന്ധ്യകരിക്കുന്നതിന് ഉദ്ദേശം 1200 രൂപ ചെലവ് വരും. അതിനാല്‍ നായകളെ പിടിച്ചു കൊണ്ടുപോയി ശസ്‌ത്രക്രിയ നടത്താതെ ചെവി മുറിച്ച് അടയാളപ്പെടുത്തിയ ശേഷം തിരികെ കൊണ്ടുവിട്ടതാകാമെന്നാണ് കരുതുന്നത്. തെരുവുനായകളുടെ വന്ധ്യകരണവുമായി ബന്ധപ്പെട്ട് നടന്ന വൻ തട്ടിപ്പില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.