കൊല്ലം: കഴിഞ്ഞ 10 മാസമായി അടഞ്ഞു കിടക്കുന്ന തിയേറ്ററുകളിലെ ജീവനക്കാർക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. കൊല്ലം കോർപറേഷൻ പരിധിയിലെ അടഞ്ഞു കിടക്കുന്ന സിനിമ തിയേറ്ററുകളിലെ എൺപതോളം ജീവനക്കാർക്കാണ് എസ്ബിഐ സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തത്. കൊല്ലം ഉഷാ തിയേറ്റർ കോംപ്ലക്‌സില്‍ സംഘടിപ്പിച്ച ചടങ്ങ് കൊല്ലം അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ പ്രദീപ് കുമാര്‍ ഉദ്‌ഘാടനം ചെയ്തു.
ബാങ്കിന്‍റെ കൊല്ലം റീജിയണൽ മാനേജർ പ്രദീപ് ആർ ചന്ദ്രൻ സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു. ഇതോടൊപ്പം കൊല്ലം നഗരത്തിലെ 34 ട്രാഫിക്ക് വാർഡൻമാർക്കും ഭക്ഷ്യധാന്യ കിറ്റുകൾ കൈമാറി. കൊവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് എസ്ബിഐ സംസ്ഥാനത്തുടനീളം നൽകി വരുന്ന സഹായ പദ്ധതിയുടെ ഭാഗമായാണ് കൊല്ലത്തും പരിപാടി സംഘടിപ്പിച്ചത്.