കൊല്ലം : ഏരൂരിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഇരുപത്തിയൊന്നുകാരനായ മകൻ മരിച്ചു. ഏരൂർ ഇരണൂർകരിക്കം സ്വദേശി അഖിലാണ് മരിച്ചത്. സുജാത (42), മകൾ ആര്യ (15) എന്നിവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് സൂചന.
കുടുംബ വഴക്കിനെ തുടർന്ന് മൂവരും വീട്ടുമുറ്റത്തെ കിണറ്റിൽ ചാടി എന്നാണ് സുജാത പറയുന്നത്. വീടിൻ്റെ സമീപത്തുള്ള എം-സാന്‍റ് പ്ലാൻ്റിലെ ജോലിക്കാരനോട് തൻ്റെ മക്കൾ കിണറ്റിൽ കിടക്കുകയാണെന്നും, താൻ കിണറ്റിൽ നിന്ന് കയറി വന്നതാണെന്നും സുജാത പറഞ്ഞു.
വിവരം അറിയിച്ചതിനെ തുടർന്ന് പ്രദേശവാസികൾ വന്ന് നോക്കിയപ്പോൾ ആര്യ തൊടിയിൽ പിടിച്ച് കിടക്കുകയായിരുന്നു. അഖിൽ മുങ്ങി താഴ്‌ന്ന് പോയിരുന്നു. പ്രദേശവാസികൾ ചേർന്ന് ആര്യയെ കിണറ്റിൽ നിന്ന് രക്ഷിച്ച് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
തുടർന്ന് ഏരൂർ പൊലീസും പുനലൂർ ഫയർഫോഴ്‌സും ചേർന്ന് അഖിലിനെ പുറത്തെടുത്തു. സംഭവസ്ഥലത്ത് വച്ച് തന്നെ അഖിലിന്‍റെ മരണം സംഭവിച്ചതായാണ് വിവരം. നാല് മാസം മുമ്പാണ് വെട്ടിക്കവല സ്വദേശിയായ സുജാത ഏരൂർ സ്വദേശിയായ രാജേഷിനെ പുനർവിവാഹം ചെയ്‌തത്. രാജേഷ് അഞ്ചൽ എച്ച്ഡിഎഫ്‌സി ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ്.
സുജാതയുടെ മുൻ വിവാഹ ബന്ധത്തിലുള്ള മക്കളാണ് അഖിലും ആര്യയും. അഖിൽ കൊട്ടാരക്കരയിലുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ആര്യ അഞ്ചൽ വെസ്റ്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
അഖിലിൻ്റെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഏരൂർ പൊലീസ് ആശുപത്രിയിലെത്തി സുജാതയുടേയും മകളുടേയും മൊഴി രേഖപ്പെടുത്തി. വിദഗ്‌ധ ചികിത്സക്കായി ഇരുവരേയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.