കൊല്ലം: രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കൊല്ലം തുറമുഖത്ത് കാര്‍ഗോ കപ്പല്‍ എത്തി. ഐഎസ്‌ആര്‍ഒയിലേക്കുള്ള പ്രോജക്റ്റ് കാര്‍ഗോയുമായി ഹെവിലിഫ്‌റ്റ് വിഭാഗത്തില്‍പ്പെട്ട ഹെംസ് ലിഫ്‌റ്റ് നഡില്‍ എന്ന കപ്പലാണ് എത്തിയത്. നെതര്‍ലാന്‍ഡില്‍ രജിസ്റ്റര്‍ ചെയ്‌ത കപ്പല്‍ മുംബൈ നവഷെവ തുറമുഖത്ത് നിന്നും രാവിലെ 11 മണിക്ക് കൊല്ലം തുറമുഖത്തെത്തി.
മുംബൈ തുറമുഖത്ത് നിന്ന് 696 നോട്ടിക്കൽ മൈൽ താണ്ടിയാണ് കപ്പൽ കൊല്ലം തുറമുഖത്തെത്തിയത്. ഏകദേശം 800 ടൺ ഭാരമുള്ള ഐഎസ്ആർഒയുടെ ഉപകരണങ്ങൾ കപ്പലിന്‍റെ മൂന്ന് ഡെക്കുകളിലായി വെൽഡ് ചെയ്താണ് ഉറപ്പിച്ചിരിക്കുന്നത്. കസ്റ്റംസ് ക്ലിയറൻസ് ലഭിക്കുന്നതോടെ ഗ്യാസ് കട്ടർ ഉപയോഗിച്ച് ഇത് വിച്ഛേദിച്ച് ഉപകരണങ്ങൾ ക്രെയിൽ ഉപയോഗിച്ച് ഇറക്കിയ ശേഷം 36 മണിക്കൂറിനുള്ളില്‍ കപ്പല്‍ കൊൽക്കത്തയിലേക്ക് പുറപ്പെടും. ഏകദേശം 4400 മെട്രിക് ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള കപ്പലാണിത്. ഉപകരണങ്ങൾ റോഡ് മാർഗമാകും തുമ്പയിലെ ഐഎസ്ആർഒ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനിലേക്ക് എത്തിക്കുക.