കൊല്ലം: ആഴക്കടലിൽ മത്സ്യബന്ധനത്തിനിടെ കപ്പലിടിച്ച് മത്സ്യത്തൊഴിലാളികളുടെ ബോട്ടിനു കേടുപാടുകള്‍ സംഭവിച്ചു. ബോട്ടിലുണ്ടായിരുന്ന പൊഴിയൂർ സ്വദേശികളായ ആറു പേരും അദ്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്‌ച രാത്രി 11 മണിയോടെ പുഷ്‌പരാജന്‍റെ ഉടമസ്ഥതയിലുള്ള ബോട്ടിനാണ് പൊഴിയൂർ ഭാഗത്തു വെച്ച് അപകടം സംഭവിച്ചത്. പുഷ്‌പരാജ്, ശിൽവ അടിമ, അലക്‌സ്, നിഖിൽ ദാസൻ, ആൻഡ്രൂസ്, ആൽഫ്രഡ് എന്നിവരടങ്ങുന്ന മത്സ്യത്തൊഴിലാളികൾ നീണ്ടകര ഹാർബറിൽ നിന്നാണ് മത്സ്യ ബന്ധനത്തിനായി തിരിച്ചത്.
കപ്പലിടിച്ചതു കാരണം രാത്രിയിൽ ബോട്ടിലുണ്ടായിരുന്നവർ ഉറക്കത്തിൽ വെള്ളത്തിലേക്കു തെറിച്ചു വീഴുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് തൊഴിലാളികള്‍ക്ക് ആദ്യം മനസിലായിരുന്നില്ല. കുറച്ചു കഴിഞ്ഞ ശേഷമാണ് ബോട്ടിൽ കപ്പലിടിച്ചതാണെന്ന് മനസിലായത്.
മൂന്നുപേർ നീന്തി ബോട്ടിൽ തന്നെ പിടിച്ചു കിടന്നു. ശേഷിക്കുന്നവരെ സമീപത്ത് മത്സ്യ ബന്ധനം നടത്തുകയായിരുന്ന തൊഴിലാളികൾ വിവരമറിഞ്ഞെത്തി രക്ഷപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അപകടം നടന്ന സ്ഥലത്തേക്ക് പോയെങ്കിലും ഭാഗികമായി കേടുപറ്റിയ ബോട്ടിൽ തന്നെ ഇവർ നീണ്ടകര ഹാർബറിലെത്തി. ദൈവാനുഗ്രഹം കൊണ്ടാണ് വലിയ ഒരു അപകടത്തിൽ നിന്നും തങ്ങൾ രക്ഷപെട്ടതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.