കൊല്ലം: കേരളം ആദ്യമായി ആതിഥ്യം വഹിക്കുന്ന ദേശീയ സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിനായി തയാറാക്കിയ തീം സോങ് ശ്രദ്ധേയമാകുന്നു. മാലാ പാർവതിയുടെ രചനയിൽ ഗോകുൽ ഹർഷനാണ് പാട്ടിന് സംഗീതം നൽകിയിരിക്കുന്നത്. 'ഗോൾ മാരോ' എന്ന് തുടങ്ങുന്ന ഗാനം തെക്കൻ ക്രോണിക്കിൾ ബാൻഡാണ് തീം സോങ് അവതരിപ്പിച്ചിരിക്കുന്നത്. പാട്ട് ഇതിനോടകെ തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. കൊല്ലം ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
19 ദിവസം നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര സര്‍വീസ് ടീമുകളും ഉള്‍പ്പെടെ 45 ടീമുകളാണ് പങ്കെടുക്കുന്നത്. ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെയും അടുത്ത വര്‍ഷം ജപ്പാനിലെ ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ വനിതാ ടീമിന്റെയും സെലക്ഷന്‍ ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നായിരിക്കും നടക്കുക.