കൊല്ലം : രാജ്യത്തെ മതനിരപേക്ഷ ശക്തികൾ ഒന്നിച്ചുനിന്നാൽ ബി.ജെ.പി ഒന്നുമല്ലാതായി തീരുമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. സി.പി.എം കുണ്ടറ ഏരിയ സെക്രട്ടറിയായിരുന്ന എം ജോസുകുട്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയതയെ തോൽപിക്കാൻ വർഗസമരത്തിനേ കഴിയൂ.
ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസ്. ഫാസിസ്റ്റ് ശക്തികളാണ്. വർഗീയതയാണ് അവരുടെ ആയുധം. ഇതിനെ ഇപ്പോൾ ചെറുത്ത് തോൽപ്പിച്ചത് കർഷകർ നടത്തിയ വർഗസമരമാണ്. കർഷകരോട് മോദിക്ക് മാപ്പ് പറയേണ്ടി വന്നത് വർഗ സമരത്തിന്‍റെ വിജയമാണ്. കേരളത്തിലും വർഗീയ ശക്തികൾ വലിയ ആശയ പ്രചാരണമാണ് നടത്തുന്നത്. ഇതിനെ ചെറുക്കാൻ സാക്ഷരതായജ്ഞത്തിന് സമാനമായ രീതിയിൽ നാം പ്രവർത്തനസജ്ജരാകണമെന്നും കോടിയേരി പറഞ്ഞു.
also read: Nokkukooli: ഇനി 'നോക്കുകൂലി' വാങ്ങേണ്ട, അകത്താക്കാൻ പൊലീസ് തയ്യാര്‍
സംസ്ഥാന കമ്മിറ്റി അംഗം ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. വിവിധ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ 13 വീടുകളുടെ താക്കോൽദാനവും, 7 പാലിയേറ്റീവ് സോസൈറ്റികളുടെ പ്രവർത്തനോദ്ഘാടനവും കോടിയേരി ബാലകൃഷ്ണൻ നിർവഹിച്ചു. നിർധന രോഗികൾക്ക് സൗജന്യ യാത്ര ലഭ്യമാക്കുന്നതിന് വാങ്ങിയ ആംബുലൻസുകളുടെ ഫ്ളാഗ് ഓഫ് ധനകാര്യമന്ത്രി കെ .എൻ ബാലഗോപാൽ നിർവഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം പി.രാജേന്ദ്രൻ, ജില്ല സെക്രട്ടറി എസ് .സുദേവൻ, ഏരിയ സെക്രട്ടറി എസ്.എൽ.സജികുമാർ, ജില്ല പഞ്ചായത്ത് അംഗങ്ങളായ എൻ.എസ്.പ്രസന്നകുമാർ, സി.ബാൾഡ്വിൻ എന്നിവർ സംസാരിച്ചു.