കൊല്ലം: കെ.ആർ.ഡി.എയുടെ വിശപ്പുരഹിത കരുനാഗപ്പള്ളി പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം. കരുനാഗപ്പള്ളി ജനമൈത്രി പൊലീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി തെരഞ്ഞെടുക്കപ്പെട്ട 250 കുടുംബങ്ങൾക്ക് 250 രൂപയുടെ ഭക്ഷ്യധാന്യ കിറ്റുകളാണ് കേരള റൂറൽ ഡെവലപ്പ്മെന്‍റ് ഏജൻസിയിലെ സ്നേഹസേന പ്രവർത്തകർ വീടുകളിൽ എത്തിച്ച് നൽകുന്നത്. 2019-20 കാലയളവില്‍ 350 കുടുംബങ്ങൾക്ക് പദ്ധതിയുടെ സേവനം നല്‍കുന്നതാണ് രണ്ടാം ഘട്ടം. കൂടാതെ കരുനാഗപ്പള്ളി ബസ്റ്റാൻഡ് പരിസരത്ത് ഭക്ഷണത്തിന് വലയുന്നവർക്ക് സംഘടനയുടെ നേതൃത്വത്തിൽ ഹോട്ടലുകളുമായി ചേർന്ന് ഭക്ഷണത്തിന് സൗകര്യവും ഒരുക്കി നൽകും.
രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനം ഓച്ചിറ പടനിലത്ത് കരുനാഗപ്പള്ളി എ.സി.പി കെ വിദ്യാധരൻ നിർവഹിച്ചു. ഡോ. അനിൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എ ആദ്യ സ്പോൺസർഷിപ്പ് വിതരണം ചെയ്‌തു. കെ.ആർ.ഡി.എ അധ്യക്ഷൻ കെ.ഇ ഇബ്രാഹിം കുട്ടി, നൗഫൽ പുത്തൻപുരക്കൽ, രാധാകൃഷ്‌ണപിള്ള, ബിനു ഭാസ്ക്കർ, ഉത്രാടം സുരേഷ് എന്നിവർ പരിപാടിയില്‍ സംസാരിച്ചു.