കൊല്ലം : ഓൺലൈന്‍ വിദ്യാഭ്യാസം പുനരാരംഭിച്ചെങ്കിലും സ്കൂൾ പാചക തൊഴിലാളികളുടെ ജീവിതം ദുരിതത്തില്‍. സ്കൂളിലെ പാചക പുരയിലെ അടുപ്പ് അണഞ്ഞ അന്ന് മുതൽ കഴിഞ്ഞ ഒന്നര വർഷമായി ഇവര്‍ പ്രതിസന്ധിയിലാണ്. പതിനാറായിരത്തോളം സ്കൂള്‍ പാചക തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്.
സ്കൂള്‍ അടച്ചു, വരുമാനം നിലച്ചു
സ്കൂൾ അടച്ചതോടെ പാചക തൊഴിലാളികളുടെ വരുമാനം പൂർണമായും നിലച്ചു. സ്ഥിരം തൊഴിലാളികളായി ഇനിയും പരിഗണിച്ചിട്ടില്ലാത്ത ഇവർക്ക് സ്കൂൾ പ്രവൃത്തി ദിനങ്ങളിൽ ദിവസ വേതനം എന്ന നിലയിൽ 550 മുതൽ 600 രൂപ വരെയാണ് ലഭിച്ചിരുന്നത്. ഒരു മാസം ശരാശരി 22 പ്രവർത്തി ദിനങ്ങളാണ് ഉള്ളത്.
അവധിക്കാലത്ത് മാസം 2000 രൂപയും അനുവദിച്ചിരുന്നു. കൊവിഡ് കാലം ആരംഭിച്ചതോടെ ഇവരുടെ വരുമാനം പൂർണമായും നിലച്ചു. കഴിഞ്ഞ വർഷം കൊവിഡ് കാല ദുരിതാശ്വാസം എന്ന നിലയിൽ കേന്ദ്ര സർക്കാർ 600 രൂപയും സംസ്ഥാന സർക്കാർ 1000 രൂപയും അനുവദിച്ചിരുന്നെങ്കിലും ആദ്യ നാല് മാസങ്ങളിൽ മാത്രമാണ് ഇത് ലഭിച്ചത്. പിന്നീട് ഇത് നിലച്ചു.
Also read: കൊല്ലത്തെ കൊലപാതകം; പ്രതികള്‍ പിടിയില്‍
രണ്ട് വർഷത്തെ അരിയർ ഇനിയും ലഭിച്ചിട്ടില്ല. 250 കുട്ടികൾക്ക് ഒരു പാചകക്കാരി എന്ന അനുപാതത്തിലാണ് ഇവരുടെ നിയമനം. ഒരു സ്കൂളിൽ 500 കുട്ടികൾ ഉണ്ടെങ്കിൽ 2 പേരെയും 600 കുട്ടികൾ ഉണ്ടെങ്കിൽ 3 പേരേയും നിയമിക്കാം.
ജോലി ഭാരം മാത്രം കൂടി
നേരത്തെ ഉച്ച ഭക്ഷണം കഞ്ഞിയും കറിയുമായിരുന്നത് ഇപ്പോള്‍ ചോറും മൂന്ന് കൂട്ടം കറയുമാണ്. ഓരോ ദിവസവും വ്യത്യസ്ഥ കറികൾ വേണം. ആഴ്ചയിൽ ഒരിക്കൽ പുഴുങ്ങിയ മുട്ടയും പാലും ഉണ്ടായിരിക്കും. ഇവരുടെ ജോലി ഭാരം കൂടിയിട്ടും വേതനത്തിൽ മാറ്റം വന്നിട്ടില്ല.
വർഷത്തിൽ രണ്ട് തവണ ആരോഗ്യ പരിശോധന നടത്തണം. മറ്റ് രോഗങ്ങൾ ഇല്ലെങ്കിൽ മാത്രമേ ഫിറ്റ്നസ് ലഭിക്കുകയുള്ളൂ. അതിന്‍റെ ചിലവ് തൊഴിലാളികൾ സ്വയം വഹിക്കണം. കൂടാതെ അടുക്കളയിൽ ധരിക്കേണ്ട തൊപ്പി, മേൽവസ്‌ത്രം എന്നിവയെല്ലാം സ്വന്തം ചിലവിൽ വാങ്ങണം. ചില സ്കൂൾ അധികൃതർ ഇവ വാങ്ങി നൽകാറുണ്ട്.
ചുരുക്കത്തിൽ കൊവിഡ് വന്നതോടെ ഇവരുടെ ജീവിതം പ്രതിസന്ധിയിലായി. അടിയന്തരമായി ശമ്പള കുടിശ്ശിക നൽകണമെന്നും ആയിരം രൂപയായി വേതനം വർധിപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.