കൊല്ലം: മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്‍റെ അധീനതയിലുള്ള നെടുമ്പന കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ നിന്നും ഏകദേശം അഞ്ച് ലക്ഷത്തിന് മുകളിൽ വില വരുന്ന ചന്ദനമരം മുറിച്ചു കടത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. ആശുപത്രിയിലെ ശുചിമുറിയുടെ സമീപം നിന്ന ചന്ദനമരമാണ് മോഷണം പോയത്.
ഇതിന് മുൻപ് പല തവണ ഇവിടെ നിന്ന് ചന്ദനമരം മുറിച്ച് കടത്തിയിട്ടുണ്ട്. നെടുമ്പന ആയുർവേദ ആശുപത്രിയിൽ നിന്നും ഇതുവരെ 27 മരങ്ങളാണ് മോഷ്‌ടാക്കൾ മുറിച്ച് കടത്തിയത്. സമീപത്ത് ആൾ താമസമില്ലാത്തതുകൊണ്ടും, അധുനിക കട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ച് ചന്ദനമരം മുറിക്കുന്നതിനാലും ശബ്‌ദവും പുറത്തറിയില്ല.
ഏകദേശം പതിമൂന്നര ഏക്കറിന് മുകളിൽ സ്ഥലം ആശുപത്രിക്ക് സ്വന്തമായി ഉണ്ടെങ്കിലും ഒരു ചുറ്റുമതിൽ ഇല്ല. നിരന്തരം അധികാരികളുടെ മുന്നിൽ ചുറ്റുമതിൽ കെട്ടേണ്ടതിന്‍റെ ആവശ്യം ഉന്നയിച്ചിട്ടും ഒരു നടപടി പോലും ഉണ്ടായിട്ടില്ല. രാത്രിയായി കഴിഞ്ഞാൽ സാമൂഹ്യവിരുദ്ധരുടെയും, മദ്യ - മയക്കുമരുന്ന് മാഫിയകളുടെയും താവളമായി ആശുപത്രി കോമ്പൗണ്ട് മാറിയിരിക്കുകയാണെന്നും മുഖത്തല ബ്ലോക്ക് പഞ്ചായത്തംഗവും, യൂത്ത് കോൺഗ്രസ് നേതാവുമായ ഫൈസൽ കുളപ്പാടം പറഞ്ഞു.
നെടുമ്പന പഞ്ചായത്തിൽ ഗവൺമെന്‍റ് അധീനതയിലുള്ള സ്ഥലങ്ങളിൽ നിന്നും നിരന്തരം മരം മോഷണം പോകുന്നതിനെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും, ആശുപത്രി കോമ്പൗണ്ടിന് ചുറ്റുമതിൽ കെട്ടുവാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്നും, ചന്ദനമരം മോഷണം പോയതുൾപ്പെടെയുള്ള വിഷയങ്ങൾ വെച്ച് അധികാരികൾക്ക് പരാതി നൽകുമെന്നും ഫൈസൽ കൂട്ടിച്ചേർത്തു.
ചന്ദനമരങ്ങൾ നിരവധി മോഷണം പോയിട്ടും ഒരു നടപടിയും കൈക്കൊള്ളാത്ത അധികാരികളുടെ നിലപാടാണ് മോഷ്‌ടാക്കൾക്ക് വളംവച്ചു കൊടുക്കുന്നതെന്നും, പൊതുമുതൽ മോഷ്‌ടിച്ചിട്ടും കണ്ടില്ല എന്ന് നടിക്കുന്ന അധികാരികൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും എന്നും ഫൈസൽ കുളപ്പാടം പറഞ്ഞു.