കൊല്ലം: കൊല്ലം പിഎസ്‌സി ഓഫീസ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. താൽക്കാലിക ജീവനക്കാരെ അനധികൃതമായി സ്ഥിരപ്പെടുത്തുന്നത് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധ സമരം സംഘടിപ്പിച്ചത്. പിഎസ്‌സി ഉദ്യോഗാർഥികളെ നോക്കുകുത്തിയാക്കുന്ന സർക്കാർ സമീപനം തിരുത്തണമെന്നും, അനധികൃതമായി താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുവാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടുമാണ് സമരം സംഘടിപ്പിച്ചത്.
ഡിസിസി പ്രസിഡൻ്റ് ബിന്ദുകൃഷ്ണ സമരം ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് പിഎസ്‌സി ഉദ്യോഗാർഥികൾ നിയമനത്തിനായി കാത്ത് നിൽക്കുമ്പോൾ അവരെ നോക്ക് കുത്തിയാക്കി കൊണ്ട് പാർട്ടി അണികളെയും ബന്ധുക്കളെയും തിരുകി കയറ്റാനുള്ള സർക്കാർ തീരുമാനത്തെ എന്ത് വില കൊടുത്തും ചെറുക്കുമെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. യൂത്ത് കോൺഗ്രസ് കൊല്ലം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധസമരം നടന്നത്.