കൊല്ലം: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്‍റെ ആഭിമുഖ്യത്തിൽ കൊല്ലത്ത് പ്രതീകാത്മക സമരം നടത്തി. കുതിരകള്‍ക്ക് മുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സഞ്ചരിച്ച് നഗരം ചുറ്റിക്കാണുന്ന രീതിയിലായിരുന്നു പ്രതിഷേധം.
കൊവിഡ് പ്രതിസന്ധിയിൽ നിന്നും മുക്തി നേടാത്ത പൊതുജനത്തെ അടിക്കടിയുള്ള പെട്രോൾ, ഡീസൽ എന്നിവയുടെ വില വർധനവ് പ്രതിസന്ധിയിലാക്കുന്നു എന്നാരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം സമരം ഉദ്‌ഘാടനം ചെയ്തു. അസംസ്‌കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്ന സമയത്താണ് കോർപ്പറേറ്റുകളുടെ ലാഭ വിഹിതം വർധിപ്പിക്കുന്നതിന് വേണ്ടി അടിക്കടി ഇന്ധനവില വർധിപ്പിക്കുന്നതെന്നും ഇതിന് കൂട്ടുനിൽക്കുകയാണ് നരേന്ദ്ര മോദിയെന്നും ഫൈസൽ കുളപ്പാടം ആരോപിച്ചു. ഒരോ ദിവസവും എണ്ണ വില വർധിപ്പിക്കുന്നത് മൂലം കേരളത്തിന് ലഭിക്കുന്ന അധിക നികുതി വേണ്ട എന്ന് വയ്‌ക്കാതെ പിണറായി വിജയനും നരേന്ദ്ര മോദിയുടെ പാത പിന്തുടരുകയാണെന്നും ഫൈസൽ കുളപ്പാടം പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, ഗീതാ കൃഷ്ണൻ, കാഷിഖ് എം.ദാസ്, നെഫ്‌സൽ കലതിക്കാട്, ബിച്ചു കൊല്ലം, താഫീഖ് മൈലാപ്പൂര്, ഷംനാദ് തുടങ്ങിയവർ പങ്കെടുത്തു.