കൊല്ലം: പേരൂർ രഞ്ജിത്ത് ജോൺസൺ വധക്കേസിൽ ഏഴ് പ്രതികൾ കുറ്റക്കാരെന്ന് കൊല്ലം നാലാം അഡീഷണൽ ജില്ലാ കോടതി. ശിക്ഷാ വിധി ഉടൻ നടപ്പാക്കുമെന്ന് കോടതി. കേസിലെ എട്ടാം പ്രതിയെ വിട്ടയച്ചു.
ഏറെ ചർച്ചാവിഷയമായ പേരൂർ രഞ്ജിത്ത് ജോൺസൺ വധക്കേസിൽ ഏഴ് പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഇരവിപുരം സ്വദേശി മനോജ്(48), നെടുങ്ങോലം സ്വദേശി രഞ്ജിത്ത്(32), പൂതക്കുളം പാണട്ടു ചിറയിൽ ബൈജു(45), ഡീസന്‍റ് ജംങ്ഷൻ കോണത്തു കാവിൻ സമീപം പ്രണവ്(26), ഡീസന്‍റ് ജംങ്ഷൻ സ്വദേശി വിഷ്ണു(21), കിളികൊല്ലൂർ പവിത്രം നഗറിൽ വിനേഷ്(44), വടക്കേവിള സ്വദേശി റിയാസ്(34) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 15 നാണ് പേരൂർ പ്രോമിസ് ലൻഡിൽ അഞ്ചംഗ സംഘം രഞ്ജിത്ത് ജോൺസനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം തമിഴ്നാട്ടിലെ ക്വാറിയിൽ മൃതദേഹം ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കേസിലെ പ്രതിയായ മനോജിന്റെ ഭാര്യ വർഷങ്ങളായി രഞ്ജിത്തിന്റെ ഒപ്പമായിരുന്നു താമസം. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന, മാരകമായി മുറിവേൽപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്ക് എതിരെ ചുമത്തിയത്.