കൊല്ലം: തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍സെല്‍വത്തിന്‍റെ പിഎ എന്നു പരിചയപ്പെടുത്തിയയാള്‍ ബന്ദിയാക്കി പണം തട്ടിയെന്ന പരാതിയുമായി കൊല്ലത്തെ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍. അഞ്ചു ലക്ഷം രൂപയും ആഭരണങ്ങളും കവര്‍ന്നതിനു പുറമേ അക്രമി സംഘം തന്നെ വിവസ്ത്രനാക്കി ദൃശ്യങ്ങളെടുത്തെന്നും കൊല്ലം സ്വദേശി സക്കറിയ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു.
ഈ മാസം പതിമൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുമരകത്തെ റിസോര്‍ട്ട് വില്‍ക്കാനായി നല്‍കിയ പത്രപരസ്യം കണ്ട് റിസോര്‍ട്ട് വാങ്ങാന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍സെല്‍വത്തിന് താല്‍പര്യമുണ്ടെന്നും നേരിട്ട് കമ്പത്തെത്തി മന്ത്രിയെ കാണണമെന്നും പറഞ്ഞാണ് മന്ത്രിയുടെ പിഎ എന്ന് പരിചയപ്പെടുത്തിയ ചന്ദ്രശേഖരന്‍ എന്നയാള്‍ സക്കറിയയെ വിളിച്ചത്. ഫോണില്‍ കിട്ടിയ നിര്‍ദേശമനുസരിച്ച് കമ്പത്തെത്തിയ തന്നെയും ഡ്രൈവറെയും ആളൊഴിഞ്ഞ കേന്ദ്രത്തിലെത്തിച്ച് അഞ്ചംഗ സംഘം വിവസ്ത്രരാക്കി മര്‍ദ്ദിച്ചു. ഇരുപത്തയ്യായിരത്തിലധികം വിലവരുന്ന വാച്ചും മോതിരവും കവര്‍ന്നു കയ്യിലുണ്ടായിരുന്ന അമ്പത്തിയയ്യായിരം രൂപയും അക്രമികള്‍ തട്ടിയെടുക്കുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കി തന്‍റെ സുഹൃത്തിന്‍റെ അക്കൗണ്ടില്‍ നിന്ന് അഞ്ചു ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് നിര്‍ബന്ധിതമായി മാറ്റി. അഞ്ചു ലക്ഷം രൂപ ജെജെ ഗാര്‍മെന്‍റ്സ് എന്ന സ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്ക് എത്തിയ ശേഷമാണ് അക്രമി സംഘം തന്നെയും ഡ്രൈവറെയും മോചിപ്പിച്ചതെന്നും സക്കറിയ പരാതിയില്‍ പറയുന്നു. മുദ്രപ്പത്രങ്ങളടക്കം ഒട്ടേറെ രേഖകളില്‍ തന്നെ ബലം പ്രയോഗിച്ച് ഒപ്പുവപ്പിച്ചെന്നും പരാതിയുണ്ട്. സംഭവത്തെ പറ്റി അന്വേഷണം തുടങ്ങിയെന്ന് കൊല്ലം സിറ്റി പൊലീസ് അറിയിച്ചു.