കൊല്ലം: സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ കുളത്തൂപ്പുഴയില്‍ ഇന്ന് റാപ്പിഡ് ടെസ്റ്റ്. കുമരംകരിക്കം സ്വാദേശിയായ യുവാവിന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് നടപടി. അഞ്ച് മേഖലകളായി തിരിച്ചാണ് റാപ്പിഡ് ടെസ്റ്റ് നടത്തുക. കുളത്തൂപ്പുഴയിൽ രോഗിയുമായി അടുത്ത് ഇടപഴകിയ 13 പേരുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. പ്രാഥമിക സമ്പർക്കമുണ്ടായ 32 പേർ നിരീക്ഷണത്തിലാണ്. മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങള്‍ വിലയിരുത്തുകയാണെന്ന് കൊല്ലം ജില്ലാ കലക്ടർ ബി.അബ്ദുൾ നാസർ അറിയിച്ചു.
അതിർത്തിയിൽ പരിശോധനകൾ കർശനമാക്കാന്‍ നിര്‍ദേശം നല്‍കി. അനധികൃതമായി യാത്രക്കാരെ കയറ്റിയാല്‍ ചരക്ക് വാഹനങ്ങളുടെ പെർമിറ്റും ഡ്രൈവർമാരുടെയും മറ്റ് ജീവനക്കാരുടെയും ലൈസൻസും റദ്ദാക്കും. സമൂഹ വ്യാപന സാധ്യത തടയാൻ തമിഴ്‌നാടുമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും കലക്ടര്‍ അറിയിച്ചു.