കൊല്ലം: പ്രാർഥനയുടെയും സമര്‍പ്പണത്തിന്‍റെയും ദിനങ്ങളെ ഓർമപ്പെടുത്തി വീണ്ടും ഒരു റമദാന്‍ കാലം കൂടി. നോമ്പിന്‍റെ രാവുകൾ സുഗന്ധപൂര്‍ണമാക്കാനുള്ള തയാറെടുപ്പിൽ വിശ്വാസികൾ. വ്രതാനുഷ്ഠാനത്തിന്‍റെ നാളുകള്‍ക്ക് പരിമളം പകരാന്‍ ഊദും ഊദിന്‍റെ അത്തറുകളും റമദാന്‍ വിപണിയില്‍ സുലഭം.
സ്വദേശിയും വിദേശിയുമടക്കം നൂറുകണക്കിന് വ്യത്യസ്തമായ അത്തറുകളാണ് ചെറിയ പെരുന്നാളിന് മാറ്റേകാൻ കടകളില്‍ എത്തിയിരിക്കുന്നത്. മില്ലി ലിറ്ററിന് 40 മുതല്‍ 5000 രൂപ വരെ വിലയുള്ള അത്തറുകൾ വിപണിയിലുണ്ട്. മുസ്ലിം സമുദായം ഊദിന്‍റെ അത്തറുകള്‍ക്ക് ഏറെ പ്രാധാന്യം കല്‍പിക്കുന്നതിനാല്‍ തന്നെ റമദാൻ കാലത്ത് ഇതിന് ആവശ്യക്കാരും ഏറെയാണ്. സുഗന്ധം വളരെയേറെ സമയം നില്‍ക്കുമെന്നതാണ് ഊദിനെ പ്രിയപ്പെട്ടതാക്കുന്നത്.
ഊദിന്‍റെ അത്തറുകളില്‍ പ്രധാനികളായി അറിയപ്പെടുന്ന മഹലത്ത് ഊദ്, അംബര്‍ ഊദ്, കാരമല്‍ ഊദ്, കവാലി ഊദ്, വൈറ്റ് ഊദ്, ഊദ് മലാക്കി, മുഹലത്ത് മലാക്കി എന്നിവയ്ക്കാണ് ആവശ്യക്കാര്‍ ഏറെ. ഇവ കൂടുതലും ദുബായ്, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുമാണ് വിപണിയില്‍ എത്തുന്നത്. അറേബ്യന്‍ നാടുകളില്‍ കാണുന്ന ഊദ് എന്ന മരത്തിന്‍റെ തടി വാറ്റി ഉണ്ടാക്കുന്ന ഓയിലാണ് ഊദിന്‍റെ അത്തര്‍. ഏത് കാലാവസ്ഥയിലും അനുയോജ്യമാണ് എന്നതും അത്തറിന്‍റെ പ്രത്യേകതകളില്‍ ഒന്നാണ്.
പ്രകൃതിദത്തമായ ഇത്തരം അത്തറുകളില്‍ ആല്‍ക്കഹോള്‍ ഇല്ലാത്തതിനാല്‍ ശരീരത്തിനും വസ്ത്രത്തിനും ദോഷകരവുമല്ല. ഇവയെ കൂടാതെ ബ്രാന്‍ഡഡ് അത്തറുകളായി അറിയപ്പെടുന്ന ലേഡി മില്യന്‍, ബോസ്, പാരീസ് ഹില്‍റ്റന്‍, ലാക്കോസ് അടക്കമുള്ളവക്കും വിപണിയില്‍ സ്ഥാനമുണ്ട്. വില അല്‍പം കൂടുതലാണെങ്കിലും ഇവയ്ക്ക് ആവശ്യക്കാര്‍ ധാരാളം.
ഇവ കൂടാതെ ഇടത്തരം അത്തറുകളായി അറിയപ്പെടുന്ന മുല്ലപ്പൂ, മജുമ, ജന്നത്തില്‍ ഫിര്‍ദോസ് അടക്കമുള്ളവയും വിപണിയില്‍ സജീവം. പണ്ട് കാലങ്ങളില്‍ പള്ളികളിലെ ഉസ്താദുമാര്‍ കൂടുതലും ഉപയോഗിച്ചിരുന്ന സ്വര്‍ഗത്തിലെ പൂന്തോട്ടമെന്നര്‍ഥം വരുന്ന ജന്നത്തില്‍ ഫിര്‍ദോസിന് മുസ്ലിം സമുദായത്തിനിടയിൽ പ്രിയം എറെയാണ്. കൂടാതെ കൂള്‍വാട്ടര്‍, ഫോഗ്, റോയല്‍ മിറാജ്, റോയലി, ബ്രൂട്ട് എന്നിവയും വിപണിയില്‍ എത്തിയിട്ടുണ്ട്.
പുതു തലമുറക്കിടയിലും അത്തറിന് ഇന്ന് പ്രിയം ഏറെയാണ്. മറ്റുള്ള ബോഡി പെര്‍ഫ്യൂമുകള്‍ ശരീരത്തിന് അലര്‍ജി ഉണ്ടാക്കാന്‍ സാധ്യതയുള്ളതുകൊണ്ടുതന്നെ ഊദിന്‍റെ അത്തറുകള്‍ക്ക് യുവാക്കള്‍ക്കിടയില്‍ പ്രിയം കൂടുന്നുണ്ട്. മണിക്കൂറുകളോളം സുഗന്ധം നിലനില്‍ക്കുന്നതും യുവാക്കൾക്കിടയിൽ ഊദിന്‍റെ സ്വീകാര്യത വർധിപ്പിക്കുന്നു.