കൊല്ലം : റെയിൽവെയിൽ ജോലി വാഗ്ദാനം നൽകി പലരിൽ നിന്നായി രണ്ടര കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ യുവതി അടക്കം മൂന്നു പേർ അറസ്റ്റില്‍. കിളിമാനൂർ സ്വദേശിനി വിദ്യ (24), തിരുവനന്തപുരം പെരിങ്ങമ്മല സ്വദേശികളായ രോഹിത് (32), രാഹുൽ (30) എന്നിവരെയാണ് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കരവാളൂർ സ്വദേശി മുരളീധരൻ പിള്ളയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. മുരളീധരന്റെ മകന് റെയിൽവെയിൽ ജോലി വാഗ്ദാനം ചെയ്ത വിദ്യ 14.5 ലക്ഷം രൂപ പരാതിക്കാരിൽ നിന്നും കൈക്കലാക്കിയിരുന്നു. ജോലിയോ പണമോ ലഭിക്കാതെ വന്നതോടെ തട്ടിപ്പ് മനസിലാക്കിയ ഇവർ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതിനിടെ യുവതി അടക്കമുള്ളവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ പരാതിക്കാരൻ കൊട്ടിയത്ത് വെച്ച് പണം കൈപ്പറ്റിയ വിദ്യയെ കാണാനിടയായി. തുടർന്ന് ബുധനാഴ്ച പുനലൂർ പൊലീസെത്തി വിദ്യയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലിൽ തട്ടിപ്പിലെ കണ്ണികളായ രോഹിതിനെയും രാഹുലിനെയും കുറിച്ച് വിവരം ലഭിച്ചു. രോഹിതിനെ തിരുവനന്തപുരത്തു നിന്നും രാഹുലിനെ കൊല്ലത്തു നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് പുനലൂർ എസ്.ഐ അശ്വിനി പറഞ്ഞു. പിടിയിലായ വിദ്യ ഇതിന് മുമ്പും മോഷണക്കേസിലും തട്ടിപ്പു കേസിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വിദ്യയുടെ അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്നും രണ്ടരക്കോടി രൂപ ഇവരുടെ അക്കൗണ്ടിൽ പലപ്പോഴായി നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
റെയിൽവെ റിക്രൂട്ട്മെന്‍റ് ബോർഡിന്‍റെ ചെന്നൈയിലെ ഡിവിഷണൽ മാനേജരുടെ പേരിൽ വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി നൽകിയാണ് തട്ടിപ്പ് നടത്തിയത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് റെയിൽവെ അടക്കമുള്ള നിരവധി സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന വൻ റാക്കറ്റിലെ മുഖ്യ കണ്ണിയാണ് വിദ്യയും സംഘവുമെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ സൈജു എസ്.വി, അശ്വനി ജെ.എസ്., വിനോദ്കുമാർ വി.സി., എ.എസ്.ഐമാരായ മനോജ്, രവീന്ദ്രൻ, വനിത പൊലീസ് ഉദ്യോഗസ്ഥമാരായ രജീന, ഷൈലജ, സി.പി.ഒമാരായ സജു, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.