കൊല്ലം: പുനലൂര്‍ എംഎല്‍എ പി എസ് സുപാലിനെ സിപിഐ കൊല്ലം ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്തു. മത്സരം ഒഴിവാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദേശം ജില്ല സമ്മേളന പ്രതിനിധികള്‍ ഐകകണ്ഠേന അംഗീകരിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് സുപാലിനെ ജില്ലാ സെക്രട്ടറിയാക്കാമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. സിപിഐയില്‍ ഔദ്യോഗിക പക്ഷത്തിനെ എതിര്‍ക്കുന്നവര്‍ സജീവമായ ജില്ലയാണ് കൊല്ലം.
സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബുവും ഇതിനോട് യോജിക്കുകയായിരുന്നു. ജില്ലയിലെ ശക്തനായ നേതാവാണ് സുപാൽ. ഔദ്യോഗിക പക്ഷത്തിന്‍റെ എതിര്‍ ചേരിയില്‍ പ്രധാനിയായിരുന്നു സുപാല്‍. അച്ചടക്ക ലംഘനത്തിന് മൂന്ന് മാസത്തേക്ക് നടപടി നേരിട്ട സുപാൽ ജില്ലയുടെ കിഴക്കൻ മേഖലയിലെ ശക്തനായ നേതാവ് കൂടിയാണ്.
സുപാലിന്‍റെ പേര് അംഗങ്ങൾ വിയോജിപ്പില്ലാതെ അംഗീകരിക്കുകയായിരുന്നു. കൂടാതെ 64 ജില്ല കൗൺസിൽ അംഗങ്ങളെയും 90 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. സുപാലിനെ സെക്രട്ടറിയാക്കിയത് വഴി ജില്ലയിൽ നിലനിൽക്കുന്ന വിഭാഗീയത പ്രവർത്തനം തടയാനാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.
Also Read: ചേരിതിരിവിൽ ആടിയുലഞ്ഞ് സിപിഐ കൊല്ലം ജില്ല സമ്മേളനത്തിന് ഇന്ന് തുടക്കം