കൊല്ലം: പരവൂർ പൂതക്കുളത്ത് എൻ കെ പ്രേമചന്ദ്രൻ എംപിയുടെ സ്വീകരണ പരിപാടിക്ക് നേരെ ആക്രമണം നടത്തിയ കേസില്‍ ആറു പേരെ പ്രതിയാക്കി പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. അറസ്റ്റിലായ അഞ്ച് പേർക്ക് ജാമ്യം അനുവദിച്ചു. വധശ്രമത്തിന് കേസെടുത്തതിനെ തുടർന്ന് ഒരാൾ ഒളിവിലാണ്. ഇന്നലെ രാവിലെ പരവൂർ മുനിസിപ്പൽ മേഖലയിൽ ആരംഭിച്ച സ്വീകരണം കഴിഞ്ഞ് വൈകിട്ട് മൂന്നോടെ പൂതക്കുളം പഞ്ചായത്തിലെത്തിയപ്പോഴാണ് ആദ്യ ആക്രമണമുണ്ടായത്. പ്രേമചന്ദ്രന്റെ വാഹനവ്യൂഹത്തിന് ഒപ്പം സഞ്ചരിച്ച ബൈക്ക് റാലിയിലേക്ക് കടന്നുകയറി അഞ്ച് എൽഡിഎഫ് പ്രവർത്തകർ കൊടി വീശിയതായിരുന്നു അക്രമ സംഭവങ്ങൾക്ക് തുടക്കം.
സംഭവത്തില്‍ പരവൂർ പൊലീസ് അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തിരുന്നു. സ്വീകരണത്തിനുള്ള ഒരുക്കങ്ങൾക്കിടെ കോൺഗ്രസ് മണ്ഡലം സെക്രട്ടറി രാധാകൃഷ്ണന്‍റെ തല പാറക്കല്ലുകൊണ്ട് ഇടിച്ചു പൊട്ടിച്ചതാണ് മറ്റൊരു സംഭവം. രാധാകൃഷ്ണന് പുറമെ മൂന്ന് യുഡിഎഫ് പ്രവർത്തകർക്കും നിസാര പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രാധാകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ആൾക്ക് സ്വീകരണ പരിപാടികൾ നടത്താൻ കഴിയാത്ത അവസ്ഥ ജനാധിപത്യത്തിന് ഭൂഷണമല്ല എന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. സിപിഎം- സിപിഐ പ്രവർത്തകർ കൊടിയുമായി എത്തിയാണ് ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിന് നേതൃത്വം നൽകിയവരെ എത്രയുംവേഗം പിടികൂടണമെന്നും അദ്ദേഹം പറഞ്ഞു.