കൊല്ലം: എൻ കെ പ്രേമചന്ദ്രൻ എംപിയുടെ സ്വീകരണ പരിപാടിക്കിടെ സംഘർഷം. യുഡിഎഫ് പ്രവർത്തകനായ രാധകൃഷ്ണന് പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരവൂർ നഗരസഭയിലെ സ്വീകരണ പരിപാടി കഴിഞ്ഞ് പൂതക്കുളം പഞ്ചായത്തിലേക്ക് പോകുമ്പോൾ എൽഡിഎഫ് പ്രവർത്തകർ യുഡിഎഫിന്‍റെ പ്രചാരണ വാഹനം തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്.
സ്വീകരണ പരിപാടിക്ക് എത്തിയ വാഹനങ്ങൾ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞുവെന്ന് പൊലീസ് പറയുന്നു. ഇവരെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു. അക്രമത്തില്‍ പങ്കെടുത്ത എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംപിയുടെ നേതൃത്വത്തിൽ ഏറെനേരം റോഡ് ഉപരോധിച്ചു. കൊല്ലത്തെ കണ്ണൂരാക്കി മാറ്റാനാണ് ഇടതു മുന്നണി ശ്രമിക്കുന്നതെന്ന് പ്രേമചന്ദ്രൻ ആരോപിച്ചു. ഡിവൈഎഫ്ഐ, എഐവൈഎഫ് പ്രവർത്തകരായ നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം സംഘർഷ സാധ്യത കണക്കിലെടുത്ത് എംപിയുടെ സ്വീകരണ പരിപാടിക്ക് പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.