കൊല്ലം: റോഡ് പണി തീര്‍ന്നപ്പോള്‍ ഇലക്ട്രിക് പോസ്റ്റ് റോഡിന് മധ്യത്തില്‍. കിഫ്ബി ധനസഹായത്തോടെ മണ്‍റോ തുരുത്ത് പഞ്ചായത്തില്‍ നിര്‍മിച്ച റോഡാണ് യാത്രക്കാര്‍ക്ക് വിചിത്ര കാഴ്ച്ച സമ്മാനിക്കുന്നത്. കാനറാ ബാങ്ക് പേഴുംതുരുത്ത് റോഡില്‍ എസ് വളവിന് 200 മീറ്റര്‍ അടുത്താണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം അപകടം വിളിച്ചുവരുത്തുന്ന റോഡ് സ്ഥിതിചെയ്യുന്നത്. അതേസമയം റോഡിലെ ഇലക്ട്രിക് പോസ്റ്റ് വിവാദമായതോടെ പോസ്റ്റിന് മുമ്പില്‍ റിഫ്ലക്ടര്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ആറ് മാസങ്ങള്‍ക്കു മുമ്പേ കരാറുറപ്പിച്ച റോഡിന് വീതി കൂട്ടുമ്പോള്‍ പാതയോരത്തായിരുന്ന പോസ്റ്റ്, റോഡിന് മധ്യത്തില്‍ സ്ഥാനം പിടിക്കുകയായിരുന്നു. എന്നാല്‍ റോഡ് പണി ആരംഭിച്ച ഉടനെ തന്നെ വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതിന് വൈദ്യുതി ബോര്‍ഡ് 90000 രൂപയുടെ എസ്റ്റിമേറ്റ് കിഫ്ബിക്ക് കൈമാറിയിരുന്നു. ഇത് അവഗണിച്ചതാണ് ഇലക്ട്രിക് പോസ്റ്റ് റോഡിന് മധ്യത്തില്‍ സ്ഥാനം പിടിക്കാന്‍ കാരണം. അതേസമയം പോസ്റ്റ് റോഡില്‍ നിന്നും മാറ്റി സ്ഥാപിക്കുമ്പോള്‍ റോഡ് തകര്‍ന്നു കിടക്കുകയും യാത്രാ പ്രശ്നം സങ്കീര്‍ണമാകുകയും ചെയ്യും.