കൊല്ലം: ഓയൂരിൽ നിന്നും കാണാതായ അബിഗേൽ സാറ റെജിയിപ്പോള്‍ കൊല്ലം എആര്‍ ക്യാമ്പില്‍ തുടരുന്നു. വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ കുട്ടി പൂര്‍ണ ആരോഗ്യവതിയാണെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു. കൊല്ലം ആശ്രാമത്തെ ഇന്‍കം ടാക്‌സ് കോട്ടേഴ്‌സിന് സമീപമുള്ള നടപ്പാതയിലെ ആളൊഴിഞ്ഞ സ്ഥലത്താണ് സംഘം കുട്ടിയെ ഉപേക്ഷിച്ചത്.
ഏറെ നേരം കുട്ടി തനിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട എസ്‌എന്‍ കോളജിലെ വിദ്യാര്‍ഥികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. ഇതോടെ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ എആര്‍ ക്യാമ്പിലേക്ക് മാറ്റുകയും ചെയ്‌തു. എഡിജിപി ഉള്‍പ്പെടെയുള്ളവര്‍ ക്യാമ്പിലെത്തി കുട്ടിയെ സന്ദര്‍ശിച്ചു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
കുഞ്ഞ് ആരോഗ്യവതിയാണ് കെബി ഗണേഷ് കുമാര്‍ എംഎല്‍എ: എആര്‍ ക്യാമ്പിലെത്തി രാഷ്‌ട്രീയ പ്രതിനിധികളും അബിഗേല്‍ സാറ റെജിയെ കണ്ടു. കുട്ടി ആരോഗ്യവതിയാണെന്നും എന്നാല്‍ രാത്രിയില്‍ ഉറങ്ങാത്തതിന്‍റെ ക്ഷീണം ഉണ്ടെന്നും എംഎല്‍എ കെബി ഗണേഷ് കുമാര്‍ പറഞ്ഞു. ചോദിക്കുന്ന കാര്യങ്ങള്‍ക്കെല്ലാം കുഞ്ഞ് മറുപടി പറഞ്ഞുവെന്നും എനിക്ക് ഉമ്മ തന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം എംഎല്‍എ മുകേഷിനെയും തന്നെയും തിരിച്ചറിഞ്ഞുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മാധ്യമങ്ങള്‍ പൊലീസ് വളഞ്ഞിരിക്കുകയാണെന്ന് വാര്‍ത്തകള്‍ പ്രചരിപ്പിച്ചതോടെ പ്രതികള്‍ക്ക് കുട്ടിയുമായി ജില്ല വിട്ട് പോകാനായില്ല. പൊലീസ് നെറ്റ് വര്‍ക്ക് അത്രത്തോളമായിരുന്നുവെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. നാട്ടുകാരുടെയും പൊലീസിന്‍റെയും കൂട്ടായ ശ്രമമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് നന്ദി: മാധ്യമ പ്രവര്‍ത്തകരോട് അങ്ങേയറ്റത്തെ നന്ദിയുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. താന്‍ രാവിലെ മുതല്‍ വാര്‍ത്തകളെല്ലാം നിരീക്ഷിച്ച് കൊണ്ടിരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കേരളം ഒന്നടങ്കം ആഗ്രഹിച്ച കാര്യം: കുട്ടിയ്‌ക്ക് ആരോഗ്യപരമായി യാതൊരു പ്രശ്‌നവുമില്ലെന്നാണ് ലഭിക്കുന്ന വിവരമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. കേരളം ഒന്നടങ്കം ആഗ്രഹിച്ച കാര്യമാണ് ഇപ്പോള്‍ സാക്ഷാത്‌കരിക്കപ്പെട്ടിരിക്കുന്നത്. യാതൊരു പ്രശ്‌നവുമില്ലാതെ കുഞ്ഞിനെ തിരികെ ലഭിച്ചൂവെന്നത് ഏറ്റവും ആശ്വാസകരമായ കാര്യമാണ്. നാട്ടുകാരുടെ ആശങ്കയെല്ലാം ധൂരികരിച്ച് കൊണ്ട് ആശ്രാമ മൈതാനത്തില്‍ നിന്നും കുഞ്ഞിനെ കണ്ടുകിട്ടി. പൂര്‍ണ ആരോഗ്യത്തോടെ കുഞ്ഞിനെ കണ്ടുകിട്ടിയത് ഏറെ ആശ്വാസകരമാണ്. ഇനി ബാക്കി കാര്യങ്ങളെല്ലാം പൊലീസ് അന്വേഷിക്കും. സമഗ്രമായി തന്നെ അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോകും. ഇത്തരമൊരു കൃത്യത്തിന് പ്രതികളെ പ്രേരിപ്പിച്ചതെന്താണ് എന്നത് അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തും. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ തുടരാതിരിക്കണമെങ്കില്‍ കേസിന്‍റെ നിജസ്ഥിതി പുറത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു.