കൊല്ലം: ആലപ്പുഴ സ്വദേശി ലിബിൻ വർഗീസിനെ തട്ടിക്കൊണ്ട് പോയി മോചന ദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതം. പേരയം ആൻ്റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവർക്കായാണ് കുണ്ടറ സിഐ ആർ രതീഷിൻ്റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം തെരച്ചിൽ നടത്തുന്നത്. പ്രതികൾ പടപ്പകര, കരിക്കുഴി ഭാഗങ്ങളിൽ തന്നെ ഉണ്ടെന്നാണ് പൊലീസിൻ്റെ നിഗമനം.
കഴിഞ്ഞ ദിവസം പ്രതികളെ പിടികൂടാൻ എത്തിയ പൊലീസിന് നേരെ ഇവർ വാൾ വീശി ആക്രമിക്കാൻ ശ്രമിക്കുകയും തുടർന്ന് കാക്കനാട് ഇൻഫോപാർക്ക് സിഐ ബിബിൻ ദാസ് വെടിയുതിർക്കുകയും ചെയ്‌തിരുന്നു. കുന്നുകളും കായലും അടങ്ങുന്ന ഭൂപ്രകൃതിയാണ് കരുക്കുഴി, പടപ്പകര ഭാഗങ്ങളിലുള്ളത്.
കായലിൽ അനവധി ചെറു തുരുത്തുകളുമുണ്ട്. ആയതിനാൽ പ്രതികൾക്ക് സുരക്ഷിതമായി ഒളിച്ചിരിക്കാൻ കഴിയും. 20 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ ആൻ്റണി ദാസും ലിയോ പ്ലാസിഡും മുൻപും പടപ്പകര, കരിക്കുഴി ഭാഗങ്ങളിൽ തന്നെയായിരുന്നു സ്ഥിരമായി ഒളിവിൽ കഴിഞ്ഞിരുന്നത്. അതിനാലാണ് പൊലീസ് പ്രദേശത്ത് തെരച്ചിൽ ശക്തമാക്കിയത്. പ്രതികൾ ഉടൻ പിടിയിലാകുമെന്നും ശാസ്‌താംകോട്ട ഡിവൈഎസ്‌പി എസ്. ഷെരീഫ് പറഞ്ഞു.