കൊല്ലം: വൃദ്ധ സഹോദരങ്ങൾക്ക് ജീവൻ രക്ഷാ മരുന്ന് എത്തിച്ച് മാതൃകയായി ജനമൈത്രി പൊലീസും വാട്‌സ് ആപ്പ് കൂട്ടായ്മയും. നെടുവത്തൂർ കിള്ളുർ ആര്യാ ഭവനിൽ സഹദേവൻ (73), ഹരിദാസൻ (69), ശിശുപാലൻ (60) എന്നിവർക്കാണ് വാട്‌സ് ആപ്പ് കൂട്ടായ്മകളും ജനമൈത്രി പൊലീസും തുണയായത്. ലോക് ഡൗൺ കാലമായതിനാൽ വീടിന് പുറത്തിറങ്ങാനാകാതെ ഭക്ഷണവും മരുന്നുമില്ലാതെ രോഗികളായ സഹോദരങ്ങൾ അവശരായി വീട്ടിൽ കുടുങ്ങുകയായിരുന്നു. ജനമൈത്രി പൊലീസാണ് ഇവരുടെ ദുരിതം വാട്‌സ് ആപ്പ് കൂട്ടായ്മകളെ അറിയിച്ചത്. ഉടൻതന്നെ ജനപ്രതിനിധികള്‍ ഇടപെട്ട് വീടിനുള്ളിൽ തകരാറിലായ വൈദ്യുതി സംവിധാനം ശരിയാക്കി നൽകുകയും കിള്ളുര്‍ പൗരസമിതിയുടെയും വാട്‌സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ആവശ്യമായ വസ്ത്രങ്ങൾ ഭക്ഷണവും കുടിവെള്ളത്തിനായി കിണര്‍ ശുദ്ധീകരിച്ചു നല്‍കുകയും ചെയ്തു.
അവിവാഹിതരായ സഹോദരങ്ങൾ മൂവരും ഒരു വീട്ടിലാണ് താമസം. ജനമൈത്രി പൊലീസ് കൊട്ടാരക്കര എസ്‌ഐ വാസുദേവന്‍ പിള്ള, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജ്യോതി, അജിത് കുമാര്‍, പഞ്ചായത്ത് മെമ്പർ ചിത്രവത്സല, വാർഡ് മെമ്പർ ഉദയകുമാർ, സുരേഷ് എന്നിവർ വാട്‌സ് ആപ്പ് കൂട്ടായ്മയോടൊപ്പം വീട് സന്ദർശിച്ചു.