കൊല്ലം: എംഡിഎംഎ എന്ന മാരകമയക്കുമരുന്നുമായി കുണ്ടറയിൽ ഒരാൾ പൊലീസ് പിടിയിൽ. കുണ്ടറ പടപ്പാക്കര സ്വദേശി നതുലാണ് പൊലീസിന്‍റെ പിടിയിലായത്. യെസ്റ്റസി, എം, എന്നീ വിളിപ്പേരുകളിലറിയപ്പെടുന്ന മാരകമായ എംഡിഎംഎ മയക്കുമരുന്നുമായാണ് പ്രതി പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും മൂന്ന് ഗ്രാം എംഡിഎംഎ പൊലീസ് സംഘം കണ്ടെടുത്തു. അര ഗ്രാമിൽ കൂടുതൽ കൈവശം വച്ചാൽ ചുരുങ്ങിയത് 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന മാരക മയക്കുമരുന്നാണ് പ്രതിയിൽ നിന്ന് പൊലീസ് കണ്ടെടുത്തത്.
ചെന്നൈ ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുമാണ് മയക്കുമരുന്ന് സംസ്ഥാനത്ത് എത്തുന്നത്. കോളജ് വിദ്യാർഥികൾക്കാണ് മയക്ക് മരുന്ന് വിതരണം ചെയ്യുന്നത്. മയക്കുമരുന്ന് വിൽപ്പന നടത്തുന്ന വലിയ ഒരു സംഘം ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.