കൊല്ലം: കൊല്ലം ചാത്തന്നൂരിൽ പ്ലസ്ടു വിദ്യാർഥി ആത്മഹത്യ ചെയ്തു. ചാത്തന്നൂർ താഴത്തേരി അമ്പനാട് സുദൻ്റെയും ഷീജയുടെയും ഇളയ മകൻ അനന്തുവാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. ചാത്തന്നൂർ ഗവണ്‍മെന്‍റ് വൊക്കെഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്‌ടു കോമേഴ്‌സ് വിദ്യാർഥിയാണ് അനന്തു. സഹോദരി അമ്മു തൃശൂർ പോളിടെക്നിക് വിദ്യാർഥിനിയാണ്. അനന്തുവിൻ്റെ അമ്മ ഷീജ ഇന്നലെ തയ്യൽ തൊഴിലാളി ക്ഷേമനിധിയുടെ മീറ്റിങ്ങിൽ പങ്കെടുത്ത് തിരികെ വീട്ടിലെത്തിയപ്പോഴാണ് അനന്തുവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻതന്നെ കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിൽ അനന്തു സുഹൃത്തുക്കൾക്ക് താൻ ഇവിടെ നിന്നും പോവുകയാണ് എന്ന തരത്തിലുള്ള മെസേജുകൾ അയച്ചിരുന്നു. കൂടാതെ ഇൻസ്റ്റാഗ്രാമിൽ തൻ്റെ അവസാന ചിത്രമെന്ന നിലയിൽ സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ചാത്തന്നൂർ പൊലീസ് വീട്ടിലെത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി. പരിശോധനകൾക്കായി അനന്തുവിൻ്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊവിഡ് പരിശോധനയ്ക്ക് ശേഷം പാരിപ്പളളി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.