കൊല്ലം: കേരളം കണ്ട ഏറ്റവും വലിയ ട്രെയിന്‍ അപകടം പെരുമൺ ദുരന്തം നടന്നിട്ട് ഇന്നേക്ക് 31 വർഷം. 1988 ജൂലൈ എട്ടിനാണ് ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കുള്ള ഐലൻഡ് എക്‌സ്‌പ്രസ് അഷ്ടമുടിക്കായലിലേക്ക് മറിയുന്നത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തത്തിൽ നഷ്ടമായത് 105 ജീവനുകളാണ്. ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഉച്ചക്ക് 12.56 ന് 81 കിലോമീറ്റർ വേഗതയിൽ പാഞ്ഞെത്തിയ ഐലൻഡ് എക്‌സ്പ്രസ് പാളം തെറ്റി മറിയുകയായിരുന്നു. ട്രെയിന്‍ പാലത്തില്‍ പ്രവേശിച്ച് നിമിഷങ്ങള്‍ക്കകം 14 ബോഗികളാണ് കായലിലേക്ക് മറിഞ്ഞത്.
ടൊർണാഡോ എന്ന ചുഴലിക്കാറ്റ് മൂലമാണ് ട്രെയിൻ പാളം തെറ്റിയത് എന്നാണ് റെയിൽവേയുടെ കണ്ടെത്തല്‍. എന്നാൽ അപകട കാരണം സംബന്ധിച്ച് ഇന്നും ദുരൂഹത തുടരുകയാണ്. പാളം തെറ്റിയത് മനസ്സിലാക്കിയ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് ബോഗികള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നും വാദങ്ങളുണ്ട്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. എല്ലാവർഷവും ദുരന്ത ദിവസം മരണപ്പെട്ടവരുടെ ബന്ധുക്കൾ പെരുമണ്ണിൽ എത്തും. അപകടം നടന്നയിടത്തെ സ്മൃതി കുടീരത്തിൽ കുറച്ച് സമയം ചെലവിട്ട ശേഷം മടങ്ങും. അത് ഇന്നും തുടർന്നുകൊണ്ടേ ഇരിക്കുന്നു.