കൊല്ലം: വ്യാജ വിവാഹ പ്രൊഫൈൽ ഉണ്ടാക്കി പെൺകുട്ടികളുടെ രക്ഷിതാക്കളെ കബളിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. കൊല്ലം സിറ്റി സൈബർ പൊലീസാണ് നിരവധി കേസുകളിൽ പ്രതിയായ മലപ്പുറം സ്വദേശി മുഹമ്മദ് ഫസലിനെ അറസ്റ്റ് ചെയ്‌തത്. ഓൺലൈൻ മാട്രിമോണിയൽ സൈറ്റുകളിൽ പല പേരുകളിൽ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് മുഹമ്മദ് ഫസൽ പെൺകുട്ടികളുമായും അവരുടെ രക്ഷകർത്താക്കളുമായും സൗഹൃദം സ്ഥാപിക്കുന്നത്.
അമേരിക്കയിലെ ഡെൽറ്റാ എയർലൈൻസിൽ പൈലറ്റാണെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടികളെ വിവാഹശേഷം വിദേശത്തേക്ക് കൊണ്ടുപോകാനെന്ന വ്യാജേന അവരുടെ ആധാർ, പാൻ കാർഡ് തുടങ്ങിയ രേഖകളും ബാങ്ക് അക്കൗണ്ടിന്‍റെ വിവരങ്ങളും കൈക്കലാക്കിയാണ് പലയിടങ്ങളിലായി പ്രതി തട്ടിപ്പ് നടത്തിയത്. ഡൽഹിയിലും കേരളത്തിലും ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. 2018 മുതൽ 2020 വരെ തീഹാർ ജയിലിൽ തടവിലായിട്ടുമുണ്ട്.
എറണാകുളം പാലാരിവട്ടത്ത് താമസിക്കുകയായിരുന്ന പ്രതിയെ കൊല്ലം സ്വദേശിയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം സിറ്റി പൊലീസ് അറസ്റ്റ് ചെയ്‌തത്. എ സി പി സക്കറിയ മാത്യുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.