കൊല്ലം : പത്തനാപുരത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി(Suicide attempt). വടക്കേക്കര സാംസി ഭവനിൽ സാംസിയാണ് മകൾ അന്നയെയും കൊണ്ട് കിണറ്റിൽ ചാടിയത്. സാംസിയെയും കുഞ്ഞിനെയും നാട്ടുകാർ കരയ്ക്ക് കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. സാംസി ചികിത്സയിലാണ്.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ് സാംസി. മകളെ ചുരിദാറിന്റെ ഷാൾ കൊണ്ട് ശരീരത്തിൽ ബന്ധിപ്പിച്ച ശേഷമാണ് ഇവർ കിണറ്റിൽച്ചാടിയത്. സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
സാംസിയുടെ അമ്മ സോമിനിയും ഏഴ് വയസുള്ള മൂത്തമകളും ആശുപത്രിയിൽ പോയ സമയത്താണ് സാംസി കിണറ്റിൽ ചാടിയത്. ഇവർ വീട്ടിൽ തിരിച്ചെത്തിയപ്പോൾ സാംസിയെയും കുഞ്ഞിനെയും കാണാതിരുന്നതോടെ സോമിനി അയൽക്കാരെ വിവരമറിയിച്ചു. തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് യുവതിയെ കിണറ്റിൽ കണ്ടെത്തിയത്.
Also Read: Models Death|മോഡലുകളുടെ മരണത്തിൽ DJ പാർട്ടിയിൽ പങ്കെടുത്ത കൂടുതൽ പേരെ ചോദ്യം ചെയ്യും
മോട്ടോറിന്റെ പൈപ്പിൽ തൂങ്ങിപ്പിടിച്ച് നിൽക്കുകയായിരുന്നു യുവതി. ഉടൻതന്നെ നാട്ടുകാർ കിണറ്റിലിറങ്ങി ഇരുവരെയും കരയ്ക്ക് കയറ്റി അടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
കല്ലട സ്വദേശി ഷിബുവാണ് സാംസിയുടെ ഭർത്താവ്. ഒന്നരമാസം മുമ്പ് ഭർത്താവ് ഗൾഫിൽ പോയതിന് പിന്നാലെയാണ് സാംസി പട്ടാഴിയിലെ സ്വന്തം വീട്ടിലെത്തിയത്. ജീവനൊടുക്കാൻ ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല. കുഞ്ഞിന്റെ മൃതദേഹം അടൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.