കൊല്ലം: തിരുവനന്തപുരം ചെങ്കോട്ട അന്തര്‍ സംസ്ഥാന പാതയില്‍ കുളത്തുപ്പുഴ മുപ്പതടി പാലത്തിന് സമീപത്ത് നിന്നും പാകിസ്ഥാന്‍ നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തി നാല് മാസം കഴിയുന്നു. 12 പാക് നിര്‍മിത വെടിയുണ്ടയും, രണ്ട് ചൈനീസ് നിര്‍മിതമായ വെടിയുണ്ടകളുമടക്കം 14 വെടിയുണ്ടകളാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 22ന് പ്രധാന പാതയോരത്ത് നിന്നും കണ്ടെടുക്കുന്നത്. ആദ്യം നിസാരവല്‍കരിച്ച കേസില്‍ വെടിയുണ്ടകള്‍ പാകിസ്ഥാന്‍ നിര്‍മിതമാണ് എന്ന് കണ്ടെത്തിയതോടെ അന്വേഷണത്തിന്‍റെ ഗതി മാറി. കേസില്‍ ചില നിര്‍ണായക സൂചനകള്‍ ലഭിച്ചതായി പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു.
സംസ്ഥാന ക്രൈംബ്രാഞ്ച് തലവന്‍ എഡിജിപി ടോമിന്‍ തച്ചങ്കരിയും സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയുടെ തലവന്‍ അനൂപ് ജോണ്‍ കുരുവിളയും അടക്കമുള്ളവര്‍ സ്ഥലത്ത് നേരിട്ടെത്തി അന്വേഷണത്തിന് നേതൃത്വം നല്‍കി. കൊച്ചിയില്‍ നിന്നും എന്‍ഐഎ സംഘവും സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി. അന്ന് സ്ഥലത്ത് എത്തിയ എഡിജിപി ടോമിന്‍ തച്ചങ്കരി കേസ് സംസ്ഥാന തീവ്രവാദ വിരുദ്ധ സേന അന്വേഷിച്ച് ഉടന്‍ കണ്ടെത്തുമെന്നും മറ്റൊരു ഏജന്‍സി കേസ് അന്വേഷിക്കണ്ടതിന്‍റെ ആവശ്യകതയില്ലന്നും വ്യക്തമാക്കി. അന്വേഷണത്തിനായി റൂറല്‍ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള വിദഗ്ദരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു. എന്നാല്‍ കേസ് അന്വേഷണം ആരംഭിച്ചു നാല് മാസം പിന്നിടുമ്പോഴും വെടിയുണ്ട ഉപേക്ഷിച്ചവരെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
വെടിയുണ്ട കണ്ടെടുത്തത് സംബന്ധിച്ച എന്തെങ്കിലും തരത്തിലുള്ള സൂചനകള്‍ കണ്ടെത്താന്‍ കഴിയാതെ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ് അന്വേഷണ സംഘം. വെടിയുണ്ട കണ്ടെത്തിയ പ്രദേശത്തെ മൊബൈല്‍ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ചാണ് ഇപ്പോഴും അന്വേഷണം പുരോഗമിക്കുന്നത്. കുളത്തുപ്പുഴയിലേയും സമീപ പ്രദേശങ്ങളിലേയും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച് പരിശോധിക്കുന്നുണ്ട്. ജില്ലയിലെ വിമുക്ത ഭടന്മാരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. എന്നാല്‍ ഒന്നിലും തുമ്പ് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനോടകം തന്നെ കേസ് എന്‍ഐഎക്ക് കൈമാറണം എന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.