കൊല്ലം : വളർത്തുപൂച്ചയെ കണ്ടെത്തി ഏൽപ്പിക്കുന്നവർക്ക് 50,000 രൂപ പ്രതിഫലം പ്രഖ്യാപിച്ച് പുത്തൻകുളം യുക്തി നിലയത്തിൽ സുരേഷ് ബാലകൃഷ്‌ണൻ. കുടുംബത്തിന്‍റെ ഓമനയായ നാല് വയസുള്ള സാശ എന്ന് പേരുള്ള പേർഷ്യൻ ഡോൾ ഫെയ്‌സ് ഇനത്തിൽപ്പെട്ട വളർത്തുപൂച്ചയെ ശനിയാഴ്‌ച രാവിലെ മുതലാണ് കാണാതായത്.
അന്ന് പുലർച്ചെ പ്രഭാത സവാരിക്കിറങ്ങുമ്പോഴും സുരേഷ് സാശയെ കണ്ടതാണ്. തിരികെ എത്തിയപ്പോൾ ഉണ്ടായിരുന്നില്ലെന്ന് സുരേഷ് പറയുന്നു. ഇദ്ദേഹവും കുടുംബവും ബെംഗളൂരുവിലാണ് താമസം.
also read: ഹയർസെക്കൻഡറിയിൽ അധിക ബാച്ചുകള്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
ഓണത്തിന് നാട്ടിലെത്തിയതാണ് ഇവർ. ബെംഗളൂരുവില്‍ മറ്റൊരു കുടുംബത്തിന്‍റെ പക്കൽ നിന്നും വാങ്ങിയതാണ് സാശയെ. വീട്ടിലെ ഒരംഗത്തെ പോലെ കണ്ടിരുന്ന പൂച്ചയെ കാണാതായതിന്‍റെ സങ്കടത്തിലാണ് സുരേഷും ഭാര്യ സുജാതയും മക്കളായ തേജസും പൃഥ്വിയും.
പതിനായിരം രൂപ മുതൽ ഇരുപതിനായിരം രൂപ വരെയാണ് പേർഷ്യൻ പൂച്ചകളുടെ കുഞ്ഞിന്‍റെ വില. എന്നാൽ രോമത്തിന്‍റെ നിറം, കണ്ണുകളുടെ നിറം, തിളക്കം എന്നിവയനുസരിച്ച് വിലയിൽ വ്യത്യാസം വരും.
സാശയെ കാണാതായ ദിവസം തന്നെ സുരേഷ് പരവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരവൂർ, പാരിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ പെറ്റ് ഷോപ്പുകളിലും വിവരം നല്‍കിയിട്ടുണ്ട്. ഏതുവിധേനയും തന്‍റെ പൂച്ചയെ തിരികെ സ്വന്തമാക്കണം എന്നാണ് സുരേഷിന്‍റെയും കുടുംബത്തിന്‍റെയും ലക്ഷ്യം.